ദില്ലി: മുസ്ലീം സമുദായത്തില്‍ നിലനില്‍ക്കുന്ന മുത്തലാഖ് തടയുന്ന ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. മുത്തലാഖ് സുപ്രീംകോടതി നിരോധിച്ച സാഹചര്യത്തിലാല്‍, മുസ്ലീം വിവാഹ മോചനത്തിനായി നിലവിലെ നിയമം ഭേദഗതി ചെയ്യാനോ പുതിയ നിയമം കൊണ്ടുവരാനോ ആണ് കേന്ദ്ര നീക്കമെന്നാണ് റിപ്പോര്‍ട്ട്. മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി, ആറ് മാസത്തേക്ക് മുത്തലാഖ് വഴി വിവാഹമോചനം പാടില്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും തലാഖിന് വിധേയമായ വിവാഹമോചനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കം.
കഴിഞ്ഞ ആഗസ്റ്റ്, 22നാണ് ഒറ്റയടിക്കുള്ള മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്ന് നിരീക്ഷിച്ചുകൊണ്ട് സുപ്രീകോടതി നിരോധിച്ചത്. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് മുത്തലാഖ് സമ്പ്രദായം ഭരണഘടനാ വിരുദ്ധമാണെന്നും അത് നിര്‍ത്തലാക്കണമെന്നും ആവശ്യപ്പെട്ടത്. മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയ്ക്കെതിരെ ഏഴ് ഹര്‍ജികളിന്മേല്‍ വാദം കേട്ടാണ് സുപ്രീ കോടതി മുത്തലാഖ് നിരോധിച്ചത്. അഞ്ചംഗ ബെഞ്ചിന്റെതായിരുന്നു തീരുമാനം. എന്നാല്‍ ചീഫ് ജസ്റ്റിസ് അടക്കം രണ്ടുപേര്‍ മുത്തലാഖിന്റെ കാര്യത്തില്‍ പാര്‍ലമെന്റ് നിയമം കൊണ്ടുവരട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ മൂന്നുപേര്‍ മുത്തലാഖിന് വിരുദ്ധമായ നിലപാട് എടുത്തപ്പോള്‍ ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാറും ജസ്റ്റിസ് അബ്ദുല്‍ നസീറുമാണ് മുസ്ലിം വ്യക്തിനിയമത്തിന്റെ ഭാഗമാണെന്ന അഭിപ്രായം രേഖപ്പെടുത്തിയത്.
