തിരുവനന്തപുരം: വേങ്ങരയില്‍ സംസ്ഥാന നേതാക്കളെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള കുമ്മനം രാജശേഖരന്റെ നീക്കം കേന്ദ്രനേതൃത്വം തള്ളി. പ്രദേശിക നേതാക്കള്‍ മത്സരിച്ചാല്‍ മതിയെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു. മലപ്പുറം മുന്‍ ജില്ലാ പ്രസിഡണ്ട് കെ. ജനചന്ദ്രന്‍ മാസ്റ്റര്‍ക്കാണ് സാധ്യത കൂടുതല്‍.

സംസ്ഥാന നേതാക്കളെ ഇറക്കി വേങ്ങരയില്‍ ശക്തമായ പോര് നടത്തുമെന്നായിരുന്നു കുമ്മനത്തിന്റെ പ്രഖ്യാപനം. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ കോര്‍ കമ്മിറ്റിയില്‍ ധാരണയുമായി. ശോഭക്കൊപ്പം യുവമോര്‍ച്ചാ പ്രസിഡന്റ് കെ.പി പ്രകാശ് ബാബുവിന്റെ പേരും ചേര്‍ത്തുള്ള പാനല്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു. എന്നാല്‍ രണ്ട് പേരുകളും തള്ളിയ ദേശീയ നേതൃത്വം പ്രാദേശിക നേതാവ് മതിയെന്ന് നിര്‍ദ്ദേശിച്ചു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പ്രാദേശിക നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കുമ്മനമായിരുന്നു നിര്‍ബന്ധം പിടിച്ചത്. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ആവശ്യമില്ലാത്ത സംസ്ഥാന നേതാക്കളെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വേണ്ടെന്ന് കേന്ദ്രം പറഞ്ഞു. സംസ്ഥാന നേതാവിന കൊണ്ടുവന്ന് പരമാവധി വോട്ട് നേടി വിവാദങ്ങളെ നേരിടാനുള്ള കുമ്മനത്തിന്റെ നീക്കമാണ് പൊളിഞ്ഞത്. മെഡിക്കല്‍ കോഴ വിവാദവും സംസ്ഥാന ഘടകത്തില്‍ കേന്ദ്രത്തിന് വിശ്വാസം നഷ്‌ടപ്പെടാനുള്ള പ്രധാന കാരണമാണ്. ഉപതെരഞ്ഞെടുപ്പ് വന്നിട്ടും ജനരക്ഷാ യാത്രയുമായി മുന്നോട്ട് പോകാന്‍ കുമ്മനം നിര്‍ബന്ധം പിടിക്കുന്നതിലും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.