സർക്കാർ സർവ്വീസുകളിലെ സ്ഥാനകയറ്റത്തിന് പട്ടിക വിഭാഗങ്ങൾക്ക് ഇരുപത്തിരണ്ടര ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതയിൽ ആവശ്യപ്പെട്ടു. സംവരണം വേണ്ടെന്ന മുൻവിധി തിരുത്തണമെന്ന് കേന്ദ്രം നിലപാടെടുത്തു. പട്ടികവിഭാഗ ബില്ല് മന്ത്രിസഭ അംഗീകരിച്ചതിനു പിന്നാലെയാണ് ദളിത് പിന്തുണ വീണ്ടെടുക്കാനുള്ള അടുത്ത നീക്കം.

ദില്ലി:സർക്കാർ സർവ്വീസുകളിലെ സ്ഥാനകയറ്റത്തിന് പട്ടിക വിഭാഗങ്ങൾക്ക് ഇരുപത്തിരണ്ടര ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതയിൽ ആവശ്യപ്പെട്ടു. സംവരണം വേണ്ടെന്ന മുൻവിധി തിരുത്തണമെന്ന് കേന്ദ്രം നിലപാടെടുത്തു. പട്ടികവിഭാഗ ബില്ല് മന്ത്രിസഭ അംഗീകരിച്ചതിനു പിന്നാലെയാണ് ദളിത് പിന്തുണ വീണ്ടെടുക്കാനുള്ള അടുത്ത നീക്കം.

നൂറു വർഷം പട്ടിക വിഭാഗങ്ങളോട് നാം തെറ്റ് ചെയ്തു. ഇത് തിരുത്താനാണ് സംവരണം. ഒരു ഉപാധിയുമില്ലാതെ ഇത് തുടരണം. സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ചിനു മുമ്പാകെകെ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ വാദിച്ചു. പട്ടികവിഭാഗങ്ങൾ പിന്നാക്കമാണെന്ന് തെളിയിക്കാൻ സർവ്വേകള്‍ ആവശ്യമില്ല. അങ്ങനെ അനുമാനിക്കണം. മതിയായ പ്രാതിനിധ്യം ഇവർക്ക് സർക്കാർ ജോലിയിൽ ഉണ്ടോ എന്ന പഠനം സാധ്യമല്ല.

പട്ടികജാതിക്ക് 15 ശതമാനവും പട്ടിക വർഗ്ഗത്തിന് ഏഴര ശതമാനവും സംവരണം സ്ഥാനകയറ്റത്തിൽ നല്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു. സ്ഥാനകയറ്റത്തിന് സംവരണം ആവശ്യമില്ല എന്ന 2006ലെ സുപ്രീംകോടതി വിധിക്കെതിരായ ഹർജിയാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ബഞ്ച് കേൾക്കുന്നത്. വിധി പ്രസ്താവിച്ചത് അഞ്ചംഗ ബഞ്ചായതിനാൽ വലിയ ബഞ്ചിലേക്ക് കേസ് മാറ്റണമെന്നും അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. ഈ മാസം പതിനെട്ടിന് കേസ് വീണ്ടും പരിഗണിക്കും.

പട്ടിക വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയാനുള്ള നിയമം നിലനിറുത്താനുള്ള ബിൽ എംപിമാർക്ക് സർക്കാർ വിതരണം ചെയ്തു. കേസ് രജിസ്റ്റർ ചെയ്യാൻ പ്രാഥമിക അന്വേഷണം ആവശ്യമില്ല. അറസ്റ്റിന് അന്വേഷണ ഉദ്യോഗസ്ഥന് ആരുടെയും അനുമതി ആവശ്യമില്ല. മുൻകൂർ ജാമ്യം ഒരു സാഹചര്യത്തിലും ബാധകമാവില്ല. ഈ മൂന്ന് വ്യവസ്ഥകളാണ് കോടതി ഉത്തരവ് മറികടക്കാനുള്ള ബില്ലിലുള്ളത്. തിങ്കളാഴ്ച ബില്ലവതരിപ്പിക്കും. പട്ടികവിഭാഗ ബില്ലിനു പുറമെ സ്ഥാനകയറ്റ സംവരണത്തിൻമേലുള്ള കേസും ദളിത് പിന്തുണ വീണ്ടെടുക്കാൻ സർക്കാർ ആയുധമാക്കുകയാണ്.