ബംഗളുരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് ഇന്നലെ രാത്രി വെടിയേറ്റ് മരിച്ച സംഭവത്തില്‍ കേന്ദ്രം കര്‍ണാടക സര്‍ക്കാരിനോട് വിശദീകരണം തേടി. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ നിര്‍ദ്ദേശ പ്രകാരം ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയാണ് റിപ്പോര്‍ട്ട് തേടിയത്. സംഭവത്തിന്റെ വിശദാംശങ്ങളും കുറ്റവാളികളെ പിടികൂടുന്നതിന് സ്വീകരിച്ച നടപടികളും അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 

അതേസമയം കൊലപാതകവുമായി ബി.ജെ.പിക്കോ പോഷക സംഘടനകള്‍ക്കോ ബന്ധമില്ലെന്ന് കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി പറഞ്ഞു. ബി.ജെ.പിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഗൗരി ലങ്കേഷിന്റെ കൊലപാതകം അപലപനീയമെന്നും വേഗത്തില്‍ ഉചിതമായ അന്വേഷണം കര്‍ണാടക സര്‍ക്കാര്‍ നടത്തണമെന്നും കേന്ദ്ര മന്ത്രി അനന്ത് കുമാറും പ്രസ്താവിച്ചു.