ദില്ലി ഹൈക്കോടതിയുടെ അമ്പതാംവാര്‍ഷികാഘോഷ ചടങ്ങിലാണ് ജഡ്ജിമാരുടെ ഫോണ്‍ ചോര്‍ത്തുന്നു എന്ന ആരോപണം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂറും നിയമമന്ത്രി രവിശങ്കര്‍ പ്രസാദും വേദിയിലിരിക്കെയാണ് അരവിന്ദ് കെജരിവാളിന്റെ ആരോപണം.

ജഡ്ജിമാരുടെ നിയമന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അലംഭവം ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും കെജരിവാള്‍ കുറ്റപ്പെടുത്തി. അതേസമയം കെജരിവാളിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് തള്ളി.

നിയമരംഗത്തിന്റെ പിന്തുണ കൂടി കിട്ടുകയാണെങ്കില്‍ നിയനിര്‍മ്മാണം കൂടുതല്‍ കുറ്റമറ്റതാക്കാന്‍ സാധിക്കുമെന്ന് ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുക എന്നത് ജുഡീഷ്യല്‍ രംഗത്ത് വലിയ പ്രതിസന്ധിയായി തുടരുകയാണെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ പറഞ്ഞു. ജഡ്ജിമാരുടെ നിയമന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഇക്കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉന്നയിച്ചിരുന്നു. പക്ഷെ, ചടങ്ങില്‍ ചീഫ് ജസ്റ്റിസോ, പ്രധാനമന്ത്രിയോ ജഡ്ജിമാരുടെ നിയമനവിവാദവുമായി ബന്ധപ്പെട്ട യാതൊരു പരാമര്‍ശവും നടത്തിയില്ല.