ദില്ലി: മൂന്നാര്‍ കയ്യേറ്റത്തില്‍ കേന്ദ്രസര്‍ക്കാര്‍‍ ഇടപെടുന്നു.മൂന്നാറില്‍ കയ്യേറ്റം നടന്നോയൊന്ന് കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കുമെന്ന് പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവേ വ്യക്തമാക്കി.അന്വേഷണം ഏത് തരത്തില്‍ വേണമെന്ന് ശനിയാഴ്ച നിശ്ചയിക്കും.മൂന്നാറില്‍ നിയമ ലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ദവേ പറഞ്ഞു.

മൂന്നാറിലെ അനധികൃത കയ്യേറ്റം പ്രകൃതിയേയും പരിസ്ഥിതിയേയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന റിപ്പോ‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അടിയന്തരമായി അന്വേഷണം നടത്തുമെന്നുമാണ് പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവേ വ്യക്തമാക്കിയത്. ഭൂമി സംസ്ഥാന വിഷയം ആണെങ്കിലും പരിസ്ഥിതി സംരക്ഷണം മുന്‍ നിര്‍ത്തി വിഷയത്തില്‍ കേന്ദ്രത്തിന് ഇടപെടാനാകുമെന്നും അനില്‍ മാധവ് ദവേ കൂട്ടി ചേര്‍ത്തു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ എന്‍ഡിഎ നേതാക്കള്‍ ഇന്ന് പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അടിയന്തരമായി കേന്ദ്രത്തിന്റെ ഇടപെടല്‍ വിഷയത്തില്‍ ആവശ്യമാണെന്ന് മന്ത്രിയെ ധരിപ്പിച്ചതായി എന്‍ഡിഎ നേതാക്കള്‍ പറഞ്ഞു. എന്ത് തരം അന്വേഷണമാണ് മൂന്നാറില്‍ നടത്തേണ്ടതെന്ന് ശനിയാഴ്ച കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കും.

മൂന്നാര്‍ അപകടാവസ്ഥയിലാണെന്ന് കേന്ദ്രമന്ത്രി സി.ആര്‍. ചൗധരി കഴിഞ്ഞ ദിവസം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മൂന്നാറിലെ കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണെന്നും അപകടം ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമാണെന്നുമുള്ള റിപ്പോര്‍ട്ട് ചൗധരി പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സമര്‍പ്പിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം മൂന്നാറില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു ചൗധരി റിപ്പോര്‍ട്ട് നല്‍കിയത്.