ദില്ലി: ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. കോഴയെക്കുറിച്ച് എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റും കേന്ദ്ര ആരോഗ്യമന്ത്രാലയവും അന്വേഷിക്കും. അന്വേഷണ വിവരങ്ങള്‍ കൈമാറാന്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കാന്‍ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ 5.5 കോടി രൂപ കോഴവാങ്ങിയെന്ന ബി.ജെ.പി അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കാനൊരുങ്ങുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. കോഴ ഇടപാടില്‍ ഹവാല പണമുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കെ.സി വേണുഗോപാല്‍ എം.പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി നല്‍കിയ മറുപടിയിലാണ് എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റിനും ആരോഗ്യവകുപ്പിനും അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയ വിവരം അറിയിച്ചത്. അന്വേഷണ വിവരങ്ങള്‍ കൈമാറാന്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതിനാലാണ് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയതെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. കോഴപ്പണം ദില്ലിയില്‍ കൈമാറിയതു പെരുമ്പാവൂരിലെ ഹവാല ഏജന്റ് വഴിയാണെന്നതടക്കമുള്ള അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കും. കോഴ ആരോപണത്തില്‍ തെളിവ് കിട്ടാത്തതും കൈക്കൂലി കൊടുത്തെന്ന് ആരോപണമുള്ള കോളേജ് ഉടമ നിലപാട് മാറ്റിയതോടെയുമാണ് വിജിലന്‍സ്, അന്വേഷണം അവസാനിപ്പിക്കൊനൊരുങ്ങുന്നത്. കോഴപ്പണമായല്ല കണ്‍സള്‍ട്ടന്‍സി ഫീസായാണ് 25 ലക്ഷം രൂപ വാങ്ങിയതെന്നായിരുന്നു വിജിലന്‍സിന് ദില്ലിയിലെ ഇടനിലക്കാരന്‍ സതീഷ് നായര്‍ നല്‍കിയ മൊഴി.