രാജ്യസഭയില്‍ ശ്രദ്ധക്ഷണിക്കലിനിടെ വി മുരളീധരന്‍ എം.പിയാണ് വിഷയം ഉന്നയിച്ചത്. കേരളത്തില്‍ വാട്സ് ആപ്പ് വഴി ഹര്‍ത്താലിന് ആഹ്വാനമുണ്ടായെന്നും രാജ്യത്തെ ഏറ്റവും വലിയ അക്രമം ആണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. 

ദില്ലി: കേരളത്തില്‍ വാട്സ് ആപ്പ് വഴി ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഭവം കേന്ദ്രം അന്വേഷിക്കും. രാജ്യസഭയില്‍ ഐ.ടി മന്ത്രി രവി ശങ്കര്‍ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക് ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടു.

രാജ്യസഭയില്‍ ശ്രദ്ധക്ഷണിക്കലിനിടെ വി മുരളീധരന്‍ എം.പിയാണ് വിഷയം ഉന്നയിച്ചത്. കേരളത്തില്‍ വാട്സ് ആപ്പ് വഴി ഹര്‍ത്താലിന് ആഹ്വാനമുണ്ടായെന്നും രാജ്യത്തെ ഏറ്റവും വലിയ അക്രമം ആണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഹര്‍ത്താലിന് ആഹ്വാനം നല്കിയത് വലതുപക്ഷ ഗ്രൂപ്പുകളാണെന്നായിരുന്നു സി.പി.എം അംഗം കെ.കെ രാഗേഷ് പ്രതികരിച്ചത്. ഇതോടെ കേരളത്തിലെ സംഭവം അന്വേഷിക്കുമെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് പറ‍ഞ്ഞു. എന്നാല്‍ അന്വേഷണം എങ്ങനെയെന്ന് അദ്ദേഹം പറഞ്ഞില്ല. 

അതേസമയം കേംബ്രിഡ്ജ് അനലിറ്റിക്കയ്‌ക്ക് ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്കിയ സംഭവം സിബിഐ അന്വേഷിക്കും. കോണ്‍ഗ്രസിനു വേണ്ടിയായിരുന്നു ചോര്‍ത്തല്‍ എന്ന് ബിജെപി ആരോപിച്ചിരുന്നു. വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും ഉത്തവാദിത്വമുണ്ടാകും. വീഡീയോ ഓഡിയോ ഫയലുകള്‍ ഫോ‍ര്‍വേഡ് ചെയ്യാന്‍ കഴിയാത്ത സംവിധാനം കൊണ്ടു വരുമെന്ന് വാട്സ്ആപ്പ് അറിയിച്ചെന്നും ഐടി മന്ത്രി അറിയിച്ചു.