ന്യൂ‍ഡല്‍ഹി: ചൈനീസ് അതിര്‍ത്തിയിൽ റോഡ് നിര്‍മ്മാണം വേഗത്തിലാക്കാൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. റോഡ് നിര്‍മ്മാണച്ചുമതലയുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന് കൂടുതൽ അധികാരം നൽകും. അതിനിടെ ല‍‍ഡാക്കിലെത്തിയ കരസേന മേധാവി ജനറൽ ബിപിൻ റാവത്ത് മുതിര്‍ന്ന കമാൻഡര്‍മാരുമായി കൂടിക്കാഴ്ച്ച നടത്തി

സിക്കിമിലെ ദോക്‍ലാമിലും ലഡാക്കിലെ പാങ്ങോങിലും ചൈന പ്രകോപനം തുടരുന്നതിനിടെയാണ് അതിര്‍ത്തിയിൽ കേന്ദ്രസര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കിയത്. ഇന്ത്യ – ചൈന ബോർഡർ റോഡ്സ് പദ്ധതിയ്ക്കു കീഴിൽ 61 തന്ത്രപ്രധാന റോഡുകൾ നിർമിക്കും. 3,409 കിലോമീറ്റർ നീളത്തിലുളള റോഡ് വേഗത്തിൽ പൂര്‍ത്തിയാക്കും.

നിർമാണത്തിനായുള്ള യന്ത്രസാമഗ്രികൾ വാങ്ങാൻ 100 കോടി വരെ ചെലവഴിക്കാൻ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന് അധികാരം നൽകും. തദ്ദേശീയമായ യന്ത്രങ്ങളും സാമഗ്രികളും വാങ്ങാൻ 705 കോടി വിനിയോഗിക്കാം. അതിര്‍ത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ലഡാക്കിലെത്തിയ കരസേന മേധാവി ജനറൽ ബിപിൻ റാവത്ത് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി. ,സൈനിക സന്നാഹങ്ങൾ കരസേന മേധാവി വിലയിരുത്തി. ലേയിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സൈനികര്‍ക്ക് രാഷ്ട്രപതിയുടെ ബഹുമതി നൽകി. സൈന്യത്തിന്‍റെ അഭിവാദ്യം സ്വീകരിച്ചു. രാഷ്ട്രപതിയായ ശേഷം ദില്ലിക്ക് പുറത്തുള്ള രാംനാഥ് കോവിന്ദിന്‍റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണ് ലേയിലേത്.