തുടക്കത്തിൽ 5000 രൂപ കൂട്ടയ്ക്കുണ്ടായിരുന്ന മത്തി വൈകുന്നേരത്തോടെ 2000 രൂപ വിലയിലാണ് വിൽപന നടത്തിയത്.

അമ്പലപ്പുഴ: നീണ്ട വറുതിക്ക് ശമനമായി പുന്നപ്ര ചള്ളി കടപ്പുറത്തെ ചാകരയിൽ മത്തിയും ചെമ്മീനും ലഭിച്ചു. ഇതോടെ തീരത്ത് ആഹ്ളാദം. ചാകര ഇറച്ചതിന് ശേഷം ഇന്നാണ് ചന്തക്കടവ് സജീവമായത്. പുലർച്ചെ കടലിലിറക്കിയ നീട്ടു വലക്കാർക്ക് സുലഭമായി വലിയ മത്തി ലഭിച്ചു.10 മുതൽ 40 കുട്ടവരെ ലഭിച്ചവരുണ്ട്. ചില വള്ളങ്ങൾക്കു ചെമ്മീനും ലഭിച്ചു.

ചെമ്മീനും പൊടിമീനും കലർന്നതിനാൽ മണിക്കൂറുകളെടുത്ത് പൊടിമീൻ പെറുക്കി മാറ്റിയതിന് ശേഷമാണ് ചെമ്മീൻ വിൽക്കാനായത്. തുടക്കത്തിൽ 5000 രൂപ കൂട്ടയ്ക്കുണ്ടായിരുന്ന മത്തി വൈകുന്നേരത്തോടെ 2000 രൂപ വിലയിലാണ് വിൽപന നടത്തിയത്. വലിയ വള്ളങ്ങളും ബോട്ടുകളും മൽസ്യ ബന്ധനം തുടങ്ങിയാൽ മൽസ്യത്തിന് വിലയിടിയാന്‍ സാധ്യതയുണ്ട്. 

ഫോർമലിൻ പോലുള്ള രാസവസ്തു ഭീതി നിലനിൽക്കുന്നതിനാൽ പച്ച മൽസ്യം തേടി ചള്ളി തീരത്ത് നൂറു കണക്കിന് കുടുംബങ്ങളാണെത്തുന്നത്. അതേസമയം അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന മൽസ്യത്തിന്‍റെ കച്ചവടം കുറഞ്ഞു. വഴിയോര തട്ടുകടകളെയാണ് ഇത് ബാധിച്ചിരിക്കുന്നത്.