ജിവിച്ചിരിക്കെ ലാഭേച്ഛ ഇല്ലാതെ അവയവദാനത്തിനുള്ള സര്‍ക്കാര്‍ പദ്ധതി എങ്ങുമെത്തിയില്ല. അതേസമയം ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള അവയവ ദാനം സ്വകാര്യ മേഖലയില്‍ യഥേഷ്ടം നടക്കുന്നുമുണ്ട്.

തിരുവനന്തപുരം: ജിവിച്ചിരിക്കെ ലാഭേച്ഛ ഇല്ലാതെ അവയവദാനത്തിനുള്ള സര്‍ക്കാര്‍ പദ്ധതി എങ്ങുമെത്തിയില്ല. ഉത്തരവിറങ്ങിയെങ്കിലും സ്വീകര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നതിലടക്കം പ്രായോഗിക പ്രശ്നങ്ങളുണ്ടെന്നാണ് സര്‍ക്കാരിൻറെ വിശദീകരണം. അതേസമയം മരണാനന്തര അവയവദാനവും സ്തംഭനാവസ്ഥയിലായതോടെ അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ തന്നെ നിലച്ചിരിക്കുകയാണ് . 

വൃക്ക കാത്ത് 1756 പേര്‍ , കരൾ പകുത്ത് കിട്ടാൻ 375പേര്‍ ഹൃദയമേറ്റുവാങ്ങാൻ 36 പേര്‍ , കൈകള്‍ക്കായി 9പേരും പാൻക്രിയാസിനായി 3പേരും . ഇങ്ങനെ 2179 പേരാണ് അവയവങ്ങള്‍ക്കായി കാത്തിരിക്കുന്നത് . 2012 മുതല്‍ ഈ വര്‍ഷം ഇതുവരെയുളള കണക്കനുസരിച്ച് ഇങ്ങനെ കാത്തിരിരുന്നവരില്‍ 773പേര്‍ മരിച്ചു . ഇതിനു പരിഹാരമായാണ് ജീവിച്ചിരിക്കെ ലാഭേച്ഛ ഇല്ലാതെ അവയവദാനം പ്രോല്‍സാഹിപ്പിക്കാൻ സര്‍ക്കാ‍ർ തീരുമാനിച്ചത് . 

ഇതിനായി അവയവദാനത്തിന് തയാറുള്ളവരെ കണ്ടെത്താൻ സര്‍ക്കാര്‍ പരസ്യം നല്‍കാൻ തീരുമാനിച്ചു. ഇടനിലക്കാരെ ഒഴിവാക്കാന്‍ കൂടിയാണ് ഈ തീരുമാനമെടുത്തത്. എന്നാല്‍ ഒന്നും നടപ്പായില്ല. അതേസമയം ജീവിച്ചിരിക്കുന്നവരില്‍ നിന്നുള്ള അവയവ ദാനം സ്വകാര്യ മേഖലയില്‍ യഥേഷ്ടം നടക്കുന്നുമുണ്ട്.

ഇതിനിടെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നത് സംബന്ധിച്ച് പ്രശ്നങ്ങളും സംശയങ്ങളും കേസുകളും ഉയര്‍ന്നത്. ഇതോടെ മരണാനന്തര അവയവ ദാനവും കുറഞ്ഞു. ഈ വര്‍ഷം ഇതുവരെ 6പേരില്‍ നിന്നായി 22 അവയവയങ്ങള്‍ മാത്രമാണ് മാറ്റിവച്ചത് .