ആർഎസ്എസ് ശക്തമായി എതിർക്കുന്ന കെ. സുരേന്ദ്രനെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റുമോ എന്നുള്ളതാണ് പ്രധാനം
തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിൽ ഉടൻ അഴിച്ചുപണി വന്നേക്കും. സംസ്ഥാന പ്രസിഡന്‍റിനെ നിശ്ചയിച്ച പോലെ ഭാരവാഹിപട്ടികയിലും ആർഎസ്എസ് തന്നെയാകും അന്തിമവാക്ക്. പ്രസിഡന്‍റിന് പിന്നാലെ നടക്കുന്ന അഴിച്ചു പണിയില്‍ ബിജെപി സംസ്ഥാന ഭാരവാഹികള്‍ അടക്കം മാറിയേക്കും.
എല്ലാ നീക്കങ്ങളും ആർഎസ്എസ് നിയന്ത്രണത്തിലാണ് മുന്നോട്ട് പോകുന്നത്. സംസ്ഥാന ആർഎസ്എസിന്‍റെ കടുത്ത നിലപാടിനൊടുവിലാണ് ബിജെപി കേന്ദ്ര നേതൃത്വം ശ്രീധരൻപിള്ളയെ പ്രസിഡന്‍റാക്കിയത്. കുമ്മനം രാജശേഖരനെ ഗവർണ്ണറാക്കി കെ. സുരേന്ദ്രനെ പ്രസിഡന്‍റാക്കാനായിരുന്നു മുരളീധരപക്ഷവും കേന്ദ്ര നേതൃത്വത്തിലെ ഒരുവിഭാഗവും കരുക്കൾ നീക്കിയത്.
ഒരു ചർച്ചയും നടത്താതെ കുമ്മനത്തെ ഗവർണ്ണറാക്കിയതിൽ ഉടക്കിയ ആർഎസ്എസ് സുരേന്ദ്രനെ പറ്റില്ലെന്ന് അമിത് ഷായോട് തീർത്ത് പറഞ്ഞതാണ് നിർണ്ണായകമായത്. സംസ്ഥാന പ്രസിഡന്‍റിന് പിന്നാലെ ഭാരവാഹി പട്ടികയിലും അഴിച്ചുപണി വേണമെന്നാണ് ആർഎസ്എസ് ആവശ്യം. ആർഎസ്എസ് ശക്തമായി എതിർക്കുന്ന കെ. സുരേന്ദ്രനെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റുമോ എന്നുള്ളതാണ് പ്രധാനം.
പക്ഷേ സുരേന്ദ്രനെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയാൽ വിഭാഗീയത കൂടുതൽ ശക്തമാകാനുള്ള സാധ്യതയും മുന്നിലുണ്ട്. അടുത്തയാഴ്ച ശ്രീധരൻപിള്ള അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. അതിന് ശേഷമായിരിക്കും ഭാരവാഹി പട്ടികയിലെ അന്തിമതീരുമാനം. കുമ്മനത്തെ തിരികെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരണമെന്ന ആർഎസ്എസിന്‍റെ അടുത്ത ആവശ്യത്തിൽ ബിജെപി കേന്ദ്ര നേതൃത്വത്തിൻറെ നിലപാടും പ്രധാനമാണ്.
