Asianet News MalayalamAsianet News Malayalam

ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത തുടരണമെന്ന് നിര്‍ദേശം

ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിൽ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ഈ ജില്ലകളിൽ ഓറഞ്ച് അലേർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

chance for rain in kerala
Author
Thiruvananthapuram, First Published Oct 7, 2018, 6:48 AM IST

തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അതിശക്തമായ സാഹചര്യത്തിൽ ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സെൽ പ്രവർത്തനം തുടങ്ങി.

ന്യൂനമർദ്ദം ശക്തിപ്പെട്ട് ഒമാൻ തീരത്തേക്ക് നീങ്ങുമെങ്കിലും ഇതിന്റെ സ്വാധീനം മൂലം ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിൽ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ഈ ജില്ലകളിൽ ഓറഞ്ച് അലേർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി കെഎസ്ഇബി 13 ഡാമുകളുടെ ഷട്ടറുകൾ തുറന്നിട്ടുണ്ട്.

ഇന്നത്തെ കാലാവസ്ഥ റിപ്പോർട്ടുകൾ പരിഗണിച്ചായിരിക്കും ഷട്ടർ അടയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് കെഎസ്ഇബി അറിയിച്ചു. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഒമാൻ തീരത്തേക്ക് നീങ്ങിയ പശ്ചാത്തലത്തിലാണ് ഇടുക്കി, മലപ്പുറം ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചത്.

എന്നാല്‍ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും. കേരള തീരത്തു നിന്നു മല്‍സ്യ ബന്ധനത്തിനു പോയ എല്ലാ തൊഴിലാളികളും തിരിച്ചെത്തിയതായി ഫിഷറീസ് വകുപ്പ് അറിയിച്ചു.

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് രൂപമെടുക്കുന്ന ചുഴലിക്കാറ്റ് കേരള തീരത്ത് വീശാന്‍ സാധ്യതയില്ലെങ്കിലും ഇതിന്‍റെ സ്വാധീനഫലമായി വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍ കടലില്‍ പോകരുതെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios