ലോകകപ്പില്‍ ലക്ഷ്യത്തിലേക്ക് ഏറ്റവും കൂടുതല്‍ ഷോട്ട് പായിച്ചതും നെയ്മറാണ്
മോസ്കോ: ഫേവറിറ്റുകളായി ലോകകപ്പിനെത്തി ഇപ്പോള് സെമിയില് പോലുമെത്താതെ നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് ബ്രസീല്. ബെല്ജിയത്തിനോടേറ്റ തോല്വിയുടെ ആഘാതത്തില് നിന്ന് മഞ്ഞപ്പടയുടെ ആരാധകര് ഇതുവരെ മുക്തരായിട്ടില്ല. സൂപ്പര് താരങ്ങള് അടക്കം വിമര്ശനങ്ങളുടെ കൂരമ്പുകളേറ്റാണ് നാട്ടിലേക്ക് മടങ്ങിയത്.
അതില് താര പകിട്ട് ഏറെയുള്ള നെയ്മറിനെയാണ് കൂടുതല് പേരും നോട്ടമിട്ടത്. ക്വാര്ട്ടറിന് മുമ്പ് അത് വരെ കളിച്ചതില് 14 മിനിറ്റ് താരം പരിക്കേറ്റ് മെെതാനത്ത് ആയിരുന്നുവെന്നുള്ള കണക്ക് ഉപയോഗിച്ചാണ് പിഎസ്ജി താരത്തെ വിമര്ശകര് വേട്ടയാടിയത്. കൂടാതെ, അനാവശ്യമായി പരിക്ക് അഭിനയിക്കുന്നവന് എന്ന ചീത്ത പേരും വീണിട്ടുണ്ട്.
പക്ഷേ, റഷ്യന് ലോകപ്പിന് വന്ന് വെറുതെ മടങ്ങുകയല്ല നെയ്മര് ചെയ്തതെന്നാണ് കണക്കുകളില് നിന്ന് വ്യക്തമാകുന്നത്. ലോകകപ്പില് ഇതുവരെയുള്ള മത്സരങ്ങളില് ടീമിന് ഗോള് അടിക്കുന്നതിന് ഏറ്റവും കൂടുതല് അവസരങ്ങള് സൃഷ്ടിച്ച താരം നെയ്മറാണ്. 23 അവസരങ്ങളാണ് എതിര് ടീമിന്റെ വല ലക്ഷ്യമാക്കി നെയ്മറിന്റെ ഭാവനയില് വിരിഞ്ഞ് മെെതാനത്ത് നടപ്പായത്.
നെയ്മര് കഴിഞ്ഞാല് 16 അവസരങ്ങള് സൃഷ്ടിച്ച ബെല്ജിയത്തിന്റെ കെവിന് ഡിബ്രുയിനെയാണ് രണ്ടാം സ്ഥാനത്ത്. ലൂക്കാ മോഡ്രിച്ച്, ഫിലിപ്പെ കുടീഞ്ഞോ, കീറന് ട്രിപ്പിയര് എന്നിവരാണ് ഈ പട്ടികയില് പിന്നീട് വരുന്നത്. ഇതില് ഒതുങ്ങന്നതല്ല നെയ്മറിന്റെ നേട്ടം.
ലോകകപ്പില് ഗോള് ലക്ഷ്യമാക്കി ഏറ്റവും കൂടുതല് ഷോട്ട് പായിച്ചതും നെയ്മറാണ്. കാനറി താരം 27 ഷോട്ടുകള് പായിച്ചപ്പോള് അതില് 13ഉം കൃത്യമായ ലക്ഷ്യം വച്ചുള്ളവയായിരുന്നു.
