തമിഴ്നാട് - ആന്ധ്ര തീരങ്ങളിലേക്ക് നീങ്ങുന്ന 'ഗജ' ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും. കേരളത്തിൽ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം.
തിരുവനന്തപുരം: തമിഴ്നാട് തീരത്തേക്കു നീങ്ങിയ ഗജ ചുഴലിക്കാറ്റിന്‍റെ പ്രതിഫലനമായി കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കിയിൽ ഇന്ന് യെല്ലോ അലേർടും നാളെ ഓറഞ്ച് അലേർടും പ്രഖ്യാപിച്ചിട്ടുണ്ട്.കൊല്ലം, പത്തനം തിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിൽ നാളെ യെല്ലോ അലേർട് പ്രഖ്യാപിച്ചു.
ആൻഡമാനടുത്ത് രൂപം കൊണ്ട ന്യൂനമർദ്ദമാണ് 'ഗജ' ചുഴലിക്കാറ്റായി മാറിയത്. ഇന്ന് തമിഴ്നാട് തീരത്ത്, വൈകിട്ടോ രാത്രിയിലോ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ തമിഴ്നാട്ടിലും ആന്ധ്രയുടെ തെക്കന്‍ മേഖലകളിലും പുതുച്ചേരിയിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ചെന്നൈയുടെ തെക്ക് ഭാഗത്ത് 490 കിലോമീറ്ററും, നാഗപട്ടണത്തിന്റെ വടക്ക് കിഴക്കായി 580 കിലോമീറ്ററും അകലെ വരെ 'ഗജ'യെത്തി. മണിക്കൂറിൽ പത്ത് കിലോമീറ്ററാണ് കാറ്റിന്‍റെ വേഗം. എന്നാല്‍, ഇന്ന് രാത്രിയോടെ 'ഗജ' തീരം തൊടുമ്പോള്‍, വേഗം എണ്‍പത് മുതല്‍ നൂറ് കിലോമീറ്റര്‍ വരെയാകാം.
മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ വടക്കൻ തമിഴ്നാട്ടിലെ ജില്ലകളും തെക്കൻ ആന്ധ്രാ ജില്ലകളും ദുരന്തസാധ്യതാ മേഖലയായി പ്രഖ്യാപിച്ചു.കടലൂര്‍, നാഗപട്ടണം അടക്കമുളള വടക്കന്‍ തമിഴ്നാട് മേഖലകളില്‍ 21000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു.
താത്കാലിക പുനരധിവാസ കേന്ദ്രങ്ങളും തുറന്നു. മൊബൈൽ മെഡിക്കല്‍ സംഘങ്ങളും സജ്ജമാണ്.1077, 1070 എന്നീ ഹെല്‍പ്ലൈന്‍ നമ്പറുകളില്‍ സേവനം ലഭ്യമാണ്. ആവശ്യമെങ്കില്‍ സൈന്യത്തിന്‍റെ സഹായം തേടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി. ചുഴലിക്കാറ്റ് ചെന്നൈയെ ബാധിക്കില്ലെങ്കിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലും ഒറ്റപ്പെട്ട മഴയുണ്ടാകും. ബംഗാള്‍ ഉള്‍ക്കടലില്‍ മൂന്ന് ദിവസത്തേയ്ക്ക് മത്സ്യബന്ധനം ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
