കൂടിക്കാഴ്ചയിൽ പ്രവാസി വ്യവസായി സാജൻ ലത്തീഫും പങ്കെടുത്തു

ദില്ലി: യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ചാണ്ടി ഉമ്മൻ എംഎൽഎ വീണ്ടും ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ടു. പ്രവാസി വ്യവസായി സാജൻ ലത്തീഫിനൊപ്പമായിരുന്നു കൂടിക്കാഴ്ച. നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടണമെന്ന് ഗവർണറോ വീണ്ടും ആവശ്യപ്പെട്ടു. നേരത്തെയും ചാണ്ടി ഉമ്മൻ ഗവർണറെ കണ്ടിരുന്നു. പിന്നാലെ ഗവർണറും കേന്ദ്രസർക്കാർ പ്രതിനിധികളുമായി ആശയവിനിമയം നടത്തിയിരുന്നു

അതേ സമയം, നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് പുതിയ തീയതി ആവശ്യപ്പെട്ടുള്ള തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹ്‍ദിയുടെ ഫേസ്ബുക്ക് പോസ്റ്റ് സാമുവൽ ജെറോം ഷെയർ ചെയ്തിരുന്നു. നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന ആളാണ്‌ സാമുവൽ ജെറോം. നിമിഷ പ്രിയയാൽ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പ്രോസിക്യൂട്ടർക്ക് നൽകിയ കത്താണ് സാമുവൽ ജെറോം ഫേസ്ബുക്ക് പോസ്റ്റിൽ ഷെയർ ചെയ്തത്.

വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണം എന്നാണ് അബ്ദുൽ ഫത്താഹ് മെഹ്‍ദിയുടെ ആവശ്യം. വധശിക്ഷ നീട്ടിവെച്ചിട്ട് 15 ദിവസം പിന്നിട്ടെന്നും പുതിയ തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നുമാണ് കത്തിലെ ഓർമ്മപ്പെടുത്തൽ. മധ്യസ്ഥ ശ്രമങ്ങൾക്കോ ചർച്ചകൾക്കോ ഉള്ള എല്ലാ ശ്രമങ്ങളെയും തള്ളുന്നുവെന്നും കത്തിൽ പറയുന്നു. വധശിക്ഷ റദ്ദായി എന്നുകാട്ടി നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് കേരളത്തിൽ ചർച്ചകൾ സജീവമാകുമ്പോഴാണ് തലാലിന്റെ സഹോദരൻ വീണ്ടും നിലപാട് കടുപ്പിക്കുന്നത്.

2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.