ചങ്ങനാശ്ശേരി ദമ്പതികളുടെ ആത്മഹത്യ: സിപിഎം കൗണ്‍സിലര്‍ക്കെതിരെ ആത്മഹത്യാ കുറിപ്പ്
കോട്ടയം: ചങ്ങനാശ്ശേരിയിലെ ദന്പതികളുടെ ആത്മഹത്യയിൽ പ്രതിഷേധം ശക്തമാകുന്നു. മരണത്തിന് ഉത്തരവാദി സിപിഎം കൗൺസിലറാണെന്ന് പറയുന്ന ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചു. ആത്മഹത്യയ്ക്ക് കാരണം സിപിഎം നഗരസഭാംഗം ആയ സജികുമാർ ആണെന്നാണ് ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ്.
100 ഗ്രാം സ്വർണം ഭർത്താവായ സുനിൽ കുമാർ എടുത്തെങ്കിലും തിരിച്ചുനൽകാൻ കയ്യിൽ പണമില്ല. ബാക്കി സ്വർണം സജികുമാർ സ്വന്തം ആവശ്യങ്ങൾക്കായി വിറ്റശേഷം തങ്ങളുടെ ചുമലിൽ കുറ്റം ചുമത്തുകയാണെന്നും കുറിപ്പിൽ പറയുന്നു.
രേഷ്മ എഴുതിയ കുറിപ്പിലാണ് സിപിഎം നഗരസഭാ അംഗവും ലോക്കൽകമ്മിറ്റി അംഗവുമായ സജികുമാർ ആണ് മരണത്തിന് കാരണം എന്ന് എഴുതിയിരിക്കുന്നത്.
സജികുമാർ വീടുനിർമാണത്തിനായി സ്വർണ്ണം വിൽക്കുകയായിരുന്നു. ഇതിൽ 100 ഗ്രാം സ്വർണം ഭർത്താവായ സുനിൽകുമാർ സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ മുഴുവൻ കുറ്റവും തങ്ങളുടെ ചുമലിൽ വയ്ക്കുകയാണ് ചെയ്തത്. പണം തിരികെ നൽകാമെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. പക്ഷേ ഇതിന് നിർവാഹമില്ലാത്തതിനാൽ ആത്മഹത്യ ചെയ്യുന്നു. സ്വർണം തങ്ങളാണ് എടുത്തതെന്ന് പോലീസ് മർദ്ദിച്ച് എഴുതി വാങ്ങിയിട്ടുണ്ടെന്നും രേഷ്മ കുറിപ്പിൽ പറയുന്നു.
അതേസമയം ആത്മഹത്യ ചെയ്ത ദമ്പതികളെ പൊലീസ് മർദ്ദിച്ചിട്ടിച്ചെന്ന് പരാതിക്കാരൻ അഡ്വ സജി കുമാർ പറഞ്ഞു. സ്വർണം മോഷ്ടിച്ചെന്ന് ദമ്പതികൾ എഴുതി നൽകിയിരുന്നുവെന്നും സിപിഎം കൗൺസിലർ സജികുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്വര്ണം മോഷ്ടിച്ചെന്ന പരാതിയില് പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ശേഷമായിരുന്നു ദമ്പതികളായ സുനിലും രേഷ്മയും ആത്മഹത്യ ചെയ്തത്. സംഭവത്തില് ചങ്ങനാശ്ശേരി എസ്എൈയെ സ്ഥലംമാറ്റിയിരുന്നു.
