എസ്ഐ ഷമീര്‍ഖാനെയാണ് സ്ഥലം മാറ്റിയത് ജില്ലാ പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലംമാറ്റം

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എസ്ഐയെ സ്ഥലംമാറ്റി. ജില്ലാ പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലംമാറ്റം. ദമ്പതികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നാണ് എസ്ഐ ഷമീര്‍ഖാനെ സ്ഥലം മാറ്റിയത്. 

സിപിഎം നഗരസഭാംഗത്തിന്റെ പരാതിയിൽ പൊലീസ് ചോദ്യം ചെയ്തു വിട്ട ചങ്ങനാശ്ശേരി സ്വദേശികളായ ദമ്പതികളെയാണ് വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സ്വര്‍ണ്ണപ്പണിക്കാരായ ചങ്ങനാശേരി പുഴവാത് ഇടവളഞ്ഞിയിൽ സുനിൽ കുമാർ, ഭാര്യ രേഷ്മ എന്നിവരാണ് ആത്മഹത്യ ചെയ്തത്. ചങ്ങനാശ്ശേരി നഗരസഭാംഗവും സിപിഎം ലോക്കൽകമ്മിറ്റി അംഗവുമായ സജി കുമാറിൻറെ പരാതിയിലാണ് മോഷണക്കുറ്റത്തിന് പൊലീസ് ചോദ്യംചെയ്തത്. സ്വര്‍ണ്ണത്തില്‍ തൂക്കക്കുറവുണ്ടായെന്ന പരാതിയിലാണ് പൊലീസ് ഇവരെ വിളിച്ചുവരുത്തിയത്. 

സജി കുമാറിന്റെ വീട്ടിൽ സ്വർണപ്പണിക്കാരനായിരുന്നു സുനിൽ കുമാറും രേഷ്മയും . സജികുമാർ നിർമ്മിച്ച് നൽകാൻ ഏൽപ്പിച്ച 600 ഗ്രാമോളം വരുന്ന 44 വളകൾ നഷ്ടമായെന്നായിരുന്നു പരാതി. ഇരുവരേയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി എസ് ഐ പി എ ഷമീർ ഖാൻ ചോദ്യം ചെയ്തു. സ്വർണം തിരിച്ച് കൊടുക്കാമെന്ന ഉറപ്പിലാണ് ഇരുവരേയും വിട്ടയച്ചതെന്നും മർദ്ദിച്ചിട്ടില്ലെന്നും എസ് ഐ വിശദീകരിച്ചു. എന്നാൽ മർദ്ദനമേറ്റെ ന്നാണ് ബന്ധുക്കളുടെ പരാതി. ആത്മഹത്യാക്കുറിപ്പ് പൊലീസ് മറച്ചുവെച്ചുവെന്നും പരാതിയുണ്ട്.

വാകത്താനത്തെ വാടക വീട്ടിൽ തൊട്ടടുത്ത് താമസിക്കുന്ന സഹോദരനെ ഫോണിൽ വിളിച്ച ശേഷമായിരുന്നു ആത്മഹത്യ. പൊലീസ് മർദിച്ചുവെന്നാരോപിച്ച് കോൺഗ്രസും ബിജെപിയും ചങ്ങനാശേരി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. അതേസമയം, പൊലീസ് മർദനത്തിലെ മനോവിഷമം മൂലമാണു ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ചു വ്യാഴാഴ്ച ചങ്ങനാശേരി താലൂക്കിൽ ഹർത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.