കോട്ടയം: കേരളകോൺഗ്രസിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച ചർച്ചകൾ മഹാസമ്മേളനത്തിന് ശേഷം നടക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ. പാർട്ടി ഐക്യത്തിന്റെ മുഖ്യഘടകമായ ഇപ്പോഴത്തെ നേതൃത്വത്തിൽ ഒരു അഴിച്ചു പണിയും പ്രായോഗികമല്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

സമരദൂരമെന്ന ചരൽകുന്ന് പ്രഖ്യാപനത്തിന് ശേഷം നടക്കുന്ന കേരളകോൺഗ്രസിന്റെ മഹാസമ്മേളനം പാർട്ടിയുടെ ശക്തിപ്രകടനമായിരിക്കും. മൂന്ന് ദിവസം നടക്കുന്ന മഹാസമ്മേളനത്തിൽ മുന്നണി പ്രവേശനം സംബന്ധിച്ച ചർ‍ച്ചകളുണ്ടാകില്ലെന്ന് സൂചിപ്പിച്ച മോൻസ് ജോസഫ് എംഎൽഎ എന്നാൽ ഒറ്റക്ക് എറെ നാൾ മുന്നോട്ട് പോകാനാകില്ലെന്ന് വ്യക്തമാക്കി.

എൽഡിഎഫിലേക്ക് പോകാനുള്ള ഒരു വിഭാഗത്തിന്റെ നീക്കത്തെ പിജെ ജോസഫ് വിഭാഗം ശക്തമായി എതിർക്കുന്നുണ്ട്. ഏത് മുന്നണിയായാലും ഒപ്പം നിൽക്കണമെന്ന കെ എം മാണിയുടെ നിർദ്ദേശത്തിന് പിന്തുണ കിട്ടാത്തതിനാലാണ് മഹാസമ്മേളനത്തിൽ പ്രഖ്യാപനമുണ്ടാകാത്തത്. ഇതിനിടയിൽ പാർട്ടി നേതൃത്വത്തിൽ അഴിച്ചുപണിയുണ്ടാകുമെന്ന റിപ്പോർട്ടുകൾ പി ജെ ജോസഫ് വിഭാഗത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്.

ഐക്യത്തിന് ഭംഗം വന്നാൽ പാർട്ടി തകരുമെന്ന മോൻസ്ജോസഫിന്റെ മുന്നറിയിപ്പ് മുന്നണി പ്രവേശനത്തിൽ എടുക്കുന്ന നിലപാടിന്റെ സൂചനയാണ്. മഹാസമ്മേളനത്തിന് ശേഷം നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം ഉടനനെടുക്കണമെന്ന നിർദ്ദേശം ജോസഫ് വിഭാഗം മുന്നോട്ട് വയ്ക്കുമെന്നാണ് സൂചന.