ക്രൊയേഷ്യക്കെതിരായ മത്സരം വ്യാഴാഴ്ച

മോസ്കോ: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കന്നിക്കാരായെത്തിയ ഐസ്‍ലാന്‍റിനോട് സമനില വഴങ്ങിയ അർജന്‍റീനൻ ടീമിൽ വലിയ അഴിച്ചുപണിയെന്ന് റിപ്പോർട്ട്. ഏയ്ഞ്ചൽ ഡി മരിയ അടക്കമുള്ളവർക്ക് ടീമിലെ സ്ഥാനം നഷ്ടമാവുമെന്നാണ് സൂചന. ക്രൊയേഷ്യക്കെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ സാംപോളി കടുത്ത തീരുമാനങ്ങള്‍ എടുത്തേക്കും.

ഇവാൻ റാക്കിട്ടിച്ചും ലൂക്ക മോഡ്രിച്ചുമുള്ള ക്രൊയേഷ്യയുമായി വ്യാഴാഴ്ചയാണ് മത്സരം. ഐസ്‍ലാന്‍റിനെതിരെ കളിച്ച കളി കൊണ്ട് മുന്നോട്ട് പോകാനാകില്ലെന്ന് അര്‍ജന്‍റീന തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ടീമിൽ വലിയ അഴിച്ചുപണി ഉറപ്പെന്ന് അ‍ർജന്‍റീയിലെ മാധ്യമങ്ങൾ വിശ്വസ്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. പ്രധാനമാറ്റം ഏയ്ഞ്ചല്‍ ഡി മരിയക്ക് പകരം ക്രിസ്റ്റ്യന്‍ പാവോണ്‍ ഇലവനിൽ എത്തുന്നതായിരിക്കും.

ഗബ്രിയേല്‍ മെര്‍ക്കാഡോയ്ക്ക് പകരം എഡ്വാര്‍ഡോ സാല്‍വിയോ, ലൂക്കാസ് ബിഗ്ലിയക്ക് പകരം ലോ സെല്‍സോ, എന്നിവരും ടീമിലെത്തും. സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ മഷറാനോയ്‌ക്കൊപ്പം ലോ സെല്‍സോ വരുന്നതോടെ കളിയുടെ ഒഴുക്ക് കൂടുമെന്നാണ് കോച്ച് സാംപോളിയുടെ പ്രതീക്ഷ. സ്‌ട്രൈക്കറായി സെര്‍ജിയോ അഗ്യൂറോ തുടരും. ഗൊൺസാലോ ഹിഗ്വയ്ൻ പകരക്കാരനായി ഇറങ്ങും. ഗോള്‍കീപ്പറായി വില്ലി കബെല്ലറോയും ആദ്യപതിനൊന്നിൽ തുടരും. എന്നാല്‍, ഡിബാലക്ക് ക്രൊയേഷ്യക്കെതിരെയും പുറത്ത് തന്നെ ഇരിക്കേണ്ടി വന്നേക്കും. നൈജീരിയയാണ് ഗ്രൂപ്പിൽ അർജന്‍റീനയുടെ അവസാന എതിരാളി.