ദില്ലി: നരേന്ദ്രമോദി സർക്കാരിന് തലവേദനയായി തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യം. അടുത്ത ഒരു വർഷം രാജ്യസഭയിലുൾപ്പടെ അണ്ണാ ഡിഎംകെയുടെ പിന്തുണ അനിവാര്യമാണെന്നിരിക്കെ ഈ തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ കണക്കുകൂട്ടലിനുള്ള തിരിച്ചടി കൂടിയാണ്. അതിനിടെ പാർട്ടിനേതൃത്വത്തെ വിമർശിച്ച് സുബ്രമണ്യൻ സ്വാമി രംഗത്തെത്തി.

Add Asianetnews as a Preferred SourcegooglePreferred

തമിഴ് രാഷ്ട്രീയത്തിലെ കരുത്തയായ ജയലളിത് ഓർമ്മയായ ദിവസം തൊട്ടടുത്ത് നിന്ന ശശികലയുടെ ശിരസ്സിൽ കൈവച്ച് മോദി ആശ്വസിപ്പിക്കുന്നത് ദൃശ്യങ്ങള്‍ ചില സൂചനകൾ നല്‍കിയിരുന്നു. ശശികലയ്ക്ക് ബിജെപി ശക്തമായ പിന്തുണ നല്കും എന്ന പ്രതീതി ആദ്യം ബിജെപി സൃഷ്ടിച്ചെങ്കിലും ഒ പനീർശെൽവത്തിൻറെ നേതൃത്വത്തിൽ നടന്ന വിമതനീക്കത്തിന് കേന്ദ്രം പിന്തുണ നല്കി. പിന്നീട് പളനിസ്വാമി പനീര്‍ശെൽവത്തിനു മേൽ വിജയം സ്ഥാപിച്ചപ്പോൾ രണ്ടുപേർക്കുമിടയിലെ ഭിന്നത പരിഹരിക്കുന്നതിനായി ബിജെപി സഹായവുമായി എത്തി. 

കേന്ദ്രം ശക്തമായി നേരിട്ട ടിടിവി ദിനകരൻറെ തിരിച്ചുവരവ് നരേന്ദ്രമോദി സർക്കാർ ആശങ്കയോടെയാണ് കാണുന്നത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാന ബില്ലുകൾ രാജ്യസഭയിൽ പാസ്സാക്കാൻ അണ്ണാഡിഎംകെയുടെ പിന്തുണ അനിവാര്യമാണ്. ആ പാർട്ടിയിലെ ഇനിയുള്ള ധ്രുവീകരണം അതിനാൽ മോദിക്ക് തലവേദനയാകും. വടക്കേഇന്ത്യയിൽ സീറ്റു കുറയുന്നത് തെക്കേ ഇന്ത്യയിൽ പരിഹരിക്കാം എന്ന കണക്കുകൂട്ടലും ഇത് തെറ്റിക്കുന്നു. 

ദിനകരന്റെ നേതൃത്വത്തിൽ അണ്ണാ ഡിഎംകെ ഒറ്റ പാർട്ടിയാകണം എന്നാണ് ബിജെപിയിൽ തന്നെയുള്ള സുബ്രമണ്യൻ സ്വാമി നിർദ്ദേശിക്കുന്നത്. പാർട്ടി നോട്ടയ്ക്കും പിന്നൽ പോയതിന് സ്വാമി വിമർശനം പരസ്യമായി ഉന്നയിച്ചു. ഇനിയുള്ള രാഷ്ട്രീയ നാടകങ്ങളിൽ കേന്ദ്രത്തിനും ഗവർണ്ണർക്കും മുഖ്യപങ്കുണ്ടാകുമെങ്കിലും ഫലം നരേന്ദ്ര മോദി സർക്കാരിന് ഒട്ടും ശുഭസൂചനയല്ലെന്നാണ് വിലയിരുത്തല്‍.