ഭോപ്പാലിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയ കർഷകർ, ബാരിക്കേഡായി നിർത്തിയിട്ട ബസ് തള്ളിനീക്കാൻ ശ്രമിച്ചപ്പോൾ എസിപി മോനിക ശുക്ല അതിന് മുന്നിൽ നിലയുറപ്പിച്ചു. ഇതോടെ കർഷകർ പിൻവാങ്ങുകയും സോഷ്യൽ മീഡിയയിൽ അവരുടെ ധീരത പ്രശംസിക്കപ്പെടുകയും ചെയ്തു.
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് നടത്തിയ കർഷകർ വഴിയിലുണ്ടായിരുന്ന ബാരിക്കേഡുകളായി നിര്‍ത്തിയിട്ട ബസ് തള്ളി നീക്കാൻ ശ്രമിച്ചപ്പോഴാണ് എസിപി മോനിക ശുക്ല ജീവൻ പണയംവച്ച് ബസിന് മുന്നിൽ നിലയുറപ്പിച്ചത്. കർഷകരുടെ മാർച്ച് നഗരത്തിലേക്ക് കടക്കുന്നത് തടയാൻ അധിക സുരക്ഷാ ബാരിക്കേഡുകളായി പൊലീസ് റോഡിൽ സ്കൂൾ ബസുകൾ നിർത്തിയിട്ടിരിക്കുകയായിരുന്നു. എന്നാൽ പ്രക്ഷോഭകർ ഈ ബസുകൾ ബലമായി തള്ളി നീക്കാൻ ശ്രമിച്ചപ്പോഴാണ് എസിപി ബസിന് മുന്നിലേക്ക് കയറി നിന്നത്.
എസിപി ബസിന് മുന്നിൽ നിൽക്കുന്നത് കണ്ടതോടെ കർഷകർ ബസ് തള്ളുന്നത് നിർത്തി പിൻവാങ്ങുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ ഈ ദൃശ്യങ്ങൾ ഇവര്‍ക്ക് വൻ തോതിൽ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. എന്നാൽ ഇത് അസാധാരണമായ ഒന്നുമല്ലെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥ എന്ന നിലയിൽ തന്റെ ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്നും മോനിക ശുക്ല പ്രതികരിച്ചു. പ്രതിഷേധക്കാരെ തടയുക എന്നതായിരുന്നു തന്റെ ചുമതലയെന്നും ഭയം തോന്നിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പ്രതിഷേധക്കാർ കുറ്റവാളികളല്ലെന്നും തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുന്ന രാജ്യത്തെ പൗരന്മാരാണെന്നും, അതിനാൽ ഇത്തരക്കാരുമായി ഇടപെടുമ്പോൾ പൊലീസ് പരമാവധി സംയമനം പാലിക്കണമെന്നും മോനിക ശുക്ല ചൂണ്ടിക്കാട്ടി. അതേസമയം, ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ചില ശക്തികൾ ഇത്തരം പ്രതിഷേധങ്ങളിൽ നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ അടുത്തിടെ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെക്കുറിച്ച് പരാമർശിക്കവേ, ജനാധിപത്യത്തിൽ അഭിപ്രായപ്രകടനം നടത്താൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ അത് നിയമത്തിനുള്ളിൽ നിന്നുകൊണ്ട് സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കാത്ത വിധം സമാധാനപരമായിരിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.


