കല്‍പ്പറ്റ: വയനാട് പോക്‌സോ കോടതിയില്‍ ജഡ്ജിക്ക് നേരെ ചെരുപ്പേറ്.പോക്‌സോ കേസിലെ പ്രതി അറുമുഖനാണ് ജഡ്ജി പഞ്ചാപകേശനെ ചെരുപ്പ് കൊണ്ടെറിഞ്ഞത്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറുമുഖന് 25 വര്‍ഷം തടവ് വിധിച്ചതിനു പിന്നാലെയായിരുന്നു ആക്രമണം

ഉച്ചയ്ക്ക് 12 മണിയോടെയാണ് കല്‍പ്പറ്റ പോക്‌സോ കോടതിയില്‍ നാടകീയമായ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്.2012ല്‍ മേപ്പാടിയില്‍ 12 വയസുകാരിയെപീഡിപ്പിച്ച കേസില്‍ പോക്‌സോ ജഡ്ജി പഞ്ചാപകേശന്‍ വിധി പറയുകയായിരുന്നു.പ്രതി അറുമുഖന് മൂന്ന് കേസുകളൽ വിവിധ വകുപ്പുകളിലായി 25 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.ശിക്ഷാ വിധി കേട്ടതോടെ പ്രകോപിതനായ അറുമുഖന്‍ കൂട്ടില്‍ നിന്ന് ജഡ്ജിയെ ചെരുപ്പുരി എറിഞ്ഞു.

പോലീസ് ഓടിയെത്തി പ്രതിയെ പിടിച്ചു മാറ്റുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് ജഡ്ജിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി .ജഡ്ജിയെ അക്രമിച്ചതിന് അറുമുഖനെതിരെ പോലീസ് കേസെടുത്തു. തുടർന്ന് ജഡ്ജി പഞ്ചകേശന്റെ മൊഴിയും രേഖപെടുത്തി. സംഭവത്തിനു ശേഷം കോടതിക്ക് കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.