സേലം: ദില്ലിയില്‍ ആത്മഹത്യ ചെയ്ത ജെഎന്‍യു വിദ്യാര്‍ഥി മുത്തുകൃഷ്ണന് ആദരാഞ്ജലികളര്‍പ്പിയ്ക്കാനായി ചെന്നൈ സേലത്തെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് നേരെ ചെരിപ്പേറ്. ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് മന്ത്രി സേലത്തെ മുത്തുകൃഷ്‌ണന്റെ വസതിയിലെത്തിയത്. മന്ത്രിയും ബിജെപി നേതാക്കളും മുത്തുകൃഷ്ണന് ആദരാഞ്ജലികളര്‍പ്പിയ്ക്കാനെത്തിയതിനെതിരെ ദളിത് സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിനിടയിലാണ് മന്ത്രിക്കുനേരെ ചെരുപ്പേറ് ഉണ്ടായത്. പ്രതിഷേധിച്ച ദളിത് സംഘടനാപ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. മുത്തുകൃഷ്ണന്റെ മൃതദേഹം സംസ്‌കരിച്ചു.

ജെഎന്‍യുവില്‍ ആധുനിക ചരിത്രത്തില്‍ എംഫില്‍ ചെയ്യുകയായിരുന്ന മുത്തുകൃഷ്‌ണന്‍ സ്വന്തം മുറിയിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. സമൂഹത്തിലെ അസമത്വത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട ശേഷമായിരുന്നു മുത്തുകൃഷ്‌ണന്‍ ആത്മഹത്യ ചെയ്‌തത്. സമത്വം നിഷേധിക്കപ്പെടുമ്പോള്‍ സര്‍വതും നീതി നിഷേധിക്കപ്പെടുന്നുവെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റില്‍ മുത്തുകൃഷ്‌ണന്‍ എഴുതിയത്.