കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത കേസില്‍ പൊലീസ് കുറ്റപത്രം നല്‍കി. മുഖ്യപ്രതി സുനില്‍കുമാര്‍ ഉള്‍പ്പെടെ ഏഴ് പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ വേണ്ടിയാണ് നടിയെ ആക്രമിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അതേ സമയം നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുന്നതിനുള്ള അന്വേഷണം തുടരും

കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രിയാണ് നടിയെ തട്ടിക്കൊണ്ട് പോയി കാറില്‍ വെച്ച് ആക്രമിച്ചത്. കേസില്‍ സുനില്‍കുമാറാണ് ഒന്നാം പ്രതി. മാര്‍ട്ടിന്‍, മണികണ്ഠന്‍. വിജീഷ്, സലീം, പ്രദീപ് ചാര്‍ളി എന്നിവര്‍ യഥാക്രമം രണ്ട്മുതല്‍ ഏഴ് വരെ പ്രതികളാണ്. പ്രതികള അറസ്റ്റ് ചെയ്ത് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ഇവര്‍ക്ക് ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഈ സാഹചര്യത്തിലാണ് ഇതിന് മുമ്പ് തന്നെ കുറ്റപത്രം നല്കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി (ഗൂഢാലോചന), 342 (അന്യായമായി തടങ്കലില്‍ വെയ്ക്കല്‍), 366 (തട്ടിക്കൊണ്ടു പോകല്‍), 376 ഡി (ബലാത്സംഗം), 506 -1 (ഭീഷണിപ്പെടുത്തല്‍), 212 (ഒളിവില്‍ താമസിപ്പിക്കല്‍), 201 (തെളിവ് നശിപ്പിക്കല്‍), 34 (സംഘം ചേര്‍ന്ന് കുറ്റ കൃത്യം നടത്തല്‍) എന്നിവയാണ് കുറ്റങ്ങള്‍. ഇത് കൂടാതെ ഐടി ആക്ടിലെ 66ഇ, 67എ എന്നിവ പ്രകാരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും അത് മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുത്തതിനും കുറ്റം ചുമത്തിയിട്ടുണ്ട്. 

സുനിയെ ഒളിവില്‍ പാര്‍ക്കാന്‍ സഹായിച്ചു എന്നത് മാത്രമാണ് ചാര്‍ലിക്കെതിരെയുള്ള കുറ്റം. ബ്ലാക്ക് മെയില്‍ ചെയ്ത് പണമുണ്ടാക്കാന്‍ വേണ്ടി സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയാണ് നടിയെ തട്ടിക്കൊണ്ടു പോയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഒന്നുമുതല്‍ ആറ് വരെയുള്ള പ്രതികള്‍ പല ഘട്ടങ്ങളിലായി ഗൂഢാലോചനയില്‍ പങ്കെടുത്തു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഇതിന് തെളിവാണ്. മാത്രമല്ല ഈ ദൃശ്യങ്ങള്‍ മറ്റൊരു മെമ്മറി കാര്‍ഡിലേക്ക് പകര്‍ത്തുകയും ചെയ്തു. പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെടുക്കാനായെങ്കിലും പ്രധാന തൊണ്ടിയായ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ല. ഇതിനായി തുടരന്വേഷണം നടക്കും. വ്യാജരേഖ ചമച്ച് കോട്ടയത്ത് നിന്ന് സുനില്‍കുമാറിന് സിം കാര്‍ഡ് വാങ്ങിയ നല്‍കിയതിന് കടവന്ത്ര സ്വദേശിനി ഷൈനി തോമസിനെയും പൊലീസ് അറസറ്റ് ചെയ്തിരുന്നു. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ഇവരുടെ പങ്ക് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഷൈനിയെ ഈ കേസില്‍ നിന്ന് ഒഴിവാക്കി. വ്യാജരേഖ കേസ് മാത്രമാണ് ഇവര്‍ക്കെതിരെ നിലനില്‍ക്കുക.