ജലക്ഷാമം രൂക്ഷമായതോടെ പ്രദേശങ്ങളിലേക്ക് വാഹനങ്ങളില്‍ വെള്ളമെത്തിച്ചാണ് ദൈനംദിന ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നത്.

വയനാട്: വേനലില്‍ പോലും വെള്ളമുണ്ടായിരുന്ന ചാരിറ്റി പുഴ വറ്റിവരണ്ടതോടെ പഴയ വൈത്തിരിയിലും പരിസര പ്രദേശങ്ങളിലും ജനങ്ങള്‍ കുടിവെള്ളത്തിനായുള്ള നെട്ടോട്ടത്തിലാണ്. അങ്ങിങ്ങുള്ള കുഴികളില്‍ ബാക്കിയായ ഇറ്റുവെള്ളമൊഴിച്ചാല്‍ വേനലാരംഭത്തില്‍ തന്നെ പുഴയില്‍ ഒഴുക്ക് നിലച്ചിരുന്നു. ഇതുമൂലം തൊട്ടടുത്തുള്ള കിണറുകളിലും വെള്ളം തീരെ താഴ്ന്ന നിലയിലാണ്. 

ജലക്ഷാമം രൂക്ഷമായതോടെ പ്രദേശങ്ങളിലേക്ക് വാഹനങ്ങളില്‍ വെള്ളമെത്തിച്ചാണ് ദൈനംദിന ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നത്. കുറച്ചു നാള്‍ മുമ്പ് പുഴയില്‍ അവശേഷിക്കുന്ന വെള്ളം തടയണ കെട്ടി നിലനിര്‍ത്തണമെന്ന് നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. അംബേദ്കര്‍ കോളനി ഭാഗത്തുനിന്നുള്ള തോട് ചേരുന്നിടത്ത് പുതുതായി നിര്‍മിച്ച ചെക്ക് ഡാം സമീപത്തുള്ളവര്‍ക്ക് മാത്രമാണ് ഗുണകരമായതെത്രേ. 

നിരവധി സ്വകാര്യ റിസോര്‍ട്ടുകളും ഹോം സ്‌റ്റേകളും സ്ഥിതി ചെയ്യുന്ന സ്ഥലം കൂടിയാണ് ചാരിറ്റി പ്രദേശം. ചില റിസോര്‍ട്ടുകാര്‍ പുഴയില്‍ നിന്ന് പമ്പിങ് നടത്തുന്നതായി നാട്ടുകാര്‍ക്ക് പരാതിയുണ്ട്. പുഴയുടെ ഇരുവശങ്ങളിലും കെട്ടിടങ്ങള്‍ നിര്‍മിച്ചതിനാല്‍ വെള്ളം പെട്ടെന്ന് മലിനമാകുന്നതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല തീരസംരക്ഷണ നിയമം ലംഘിച്ച് പുഴയിലേക്ക് ഇറക്കിയാണ് പല റിസോര്‍ട്ടുകളും നിര്‍മാണം നടത്തിയിരിക്കുന്നതത്രേ. മാര്‍ച്ച് കഴിയുന്നതോടെ പുഴയില്‍ അവശേഷിക്കുന്ന വെള്ളം പൂര്‍ണമായും വറ്റും. നപടിയെടുക്കാത്തപക്ഷം പഞ്ചായത്തിന് മുന്നില്‍ സമരം തുടങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.