ചെഗുവേര അര്‍ജന്റീനക്കാരനാണ്, ബൊളീവിയയ്ക്കും ക്യൂബയ്ക്കും വേണ്ടിയാണ്, അദ്ദേഹം ഗറില്ലാ യുദ്ധം നടത്തിയത്. ഒരു ഇന്ത്യക്കാരനെ സംബന്ധിച്ച് പ്രസക്തമല്ല കാര്യങ്ങള്‍. എന്നാല്‍ കേരളം ചെഗുവേരയെ അന്യനായല്ല കണ്ടിരുന്നത്. തങ്ങലിലൊരുവനായി, അനീതിക്കെതിരെ പോരാടിയ പോരാളിയായി. കൂട്ടുകാരനായി... അങ്ങനെയങ്ങനെയാണ് ചെഗുവേര നമ്മുടെ മനസുകളില്‍ ഇടംപിടിച്ചത്.
ഇന്ന് വീണ്ടും ചെഗുവേര വാര്‍ത്തകളില്‍ നിറയുകയാണ്. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ മുന്‍ ചെയര്‍മാനുമായിരുന്ന ഡോ.കെ.എസ്.രാധാകൃഷ്ണനാണ് ചെഗുവേരയേയും സമകാലീന സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെയും നിരീക്ഷിച്ചു കൊണ്ട് ലേഖനമെഴുതിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മെട്രോ വാര്‍ത്തയില്‍ ' തീരാപ്പകയുടെ വിഗ്രഹാരാധന ' വന്ന ലേഖനത്തിലാണ് ഡോ.കെ.എസ്.രാധാകൃഷ്ണന്‍ ചെഗുവേരയ്‌ക്കെതിരെയും അത് വഴി കണ്ണൂര്‍ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെയും എതിര്‍ത്ത് രംഗത്തെത്തിയത്.
ക്യൂബയുടെയും ബൊളീവിയയുടെയും സ്വാതന്ത്രത്തിന് വേണ്ടി പോരാടിയ ഒരു ഒറ്റയാള്‍ ക്വട്ടേഷന്‍ സംഘമായിരുന്നു ചെഗുവേരയെന്നാണ് രാധാകൃഷ്ണന്റെ ലേഖനം ആരംഭിക്കുന്നത് തന്നെ. ഉറഞ്ഞു തുള്ളിയ ഉന്മത്തനായ ഒളിപ്പോരാളിയായത് കൊണ്ട് യുക്തിയേക്കാള്‍ വികാരമാണ് ചെഗുവേരയേ നയിച്ചത്. തന്നോടൊപ്പമില്ലാത്തവരെല്ലാം തന്റെ ശത്രുക്കളാണെന്നും തന്റെ ശത്രുക്കളെല്ലാം വധിക്കപ്പെടേണ്ടവരാണെന്നും കരുതിയ ഗുവേര തന്റെ ഒപ്പം നിന്നു പൊരുതിയ സഖാക്കളെയും കൊന്നോടുക്കി. ക്യൂബയില്‍ തന്റെ ഒപ്പം നിന്നു പൊരുതിയ 105 സഖാക്കളെ സംശയത്തിന്റെ പേരില്‍ സ്വന്തം കൈകൊണ്ട് വെടിവച്ച് കൊന്നു. ഓരോ കൊലപാതകവും ചെഗുവേരയെ ഉന്മത്തനാക്കിയെന്നും ഡോ.കെ.എസ്.രാധാകൃഷ്ണന്‍ ലേഖനത്തില്‍ നീരിക്ഷിക്കുന്നു. ഏതൊരും സൈക്കോപ്പാത്തിനെയും പോലെ നിര്‍മ്മനായി കൊല ചെയ്യാന്‍ ചെഗുവേരയ്ക്ക് കഴിഞ്ഞിരുന്നെന്നും ഇദ്ദേഹം പറയുന്നു.
ഇതേ ചെഗുവേരയാണ് വടക്കേ മലബാറിന്റെ പാര്‍ട്ടി ഗ്രാമങ്ങളിലെ ആദര്‍ശ നായകനെന്നും ഷുഹൈബിനെ 37 വെട്ടിയും ടി.പി.ചന്ദ്രശേഖരനെ 51 വെട്ടിയും കൊല്ലാന്‍ പാര്‍ട്ടിക്ക് കരുത്ത് നല്‍കിയതും ഇതേ ചെഗുവേരയോടുള്ള ആരാധനയാണെന്നും ചെഗുവേരയേ പോലെ പാര്‍ട്ടിയും ഇവിടെ വിചാരണയും നിയമവും നടപ്പാക്കുന്നതായും അദ്ദേഹം പറയുന്നു. ചെഗുവേരയെ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന്റെ അപ്പോസ്തലനാക്കുന്ന ഡോ.കെ.എസ്.രാധാകൃഷ്ണന്‍, എ.കെ.ഗോപാലന്റെ അനുഗ്രഹാ ശിരസുകളോടെ കണ്ണൂരില്‍ തുടങ്ങിയ ഗോപാല സേനയാണ് കണ്ണൂരില്‍ ആദ്യമായി അക്രമപരമ്പരകള്‍ക്ക് തുടക്കം കുറിക്കുന്നതെന്ന് അവകാശപ്പെടുന്നു. പി.ആര്‍.കുറുപ്പിനേയും ആര്‍എസ്എസിനെയും പ്രതിരോധിക്കാനായി ആരംഭിച്ച ഗോപാല സേന ഒരേ സമയതന്നെ കണ്ണൂരിലെ എല്ലാ പാര്‍ട്ടിക്കാരെയും ആക്രമിച്ചു. ഇങ്ങനെ ആക്രമണം നടത്തുന്നത് ജനാധിപത്യരീതിയല്ലെന്ന് എകെജിക്കോ ഇഎംഎസിനോ തോന്നിയില്ലെന്നും ലേഖനം പറയുന്നു.
1980 കളിലെ ആര്‍എസ്എസ് - സിപിഎം കൊലപാതക പരമ്പരയുടെ ആരംഭത്തോടെയാണ് സിപിഎമ്മിന്റെ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് എതിരാളികള്‍ ഉണ്ടായത്. കൊലപാതക പരമ്പരയില്‍ മരണം 18 വീതം സമനില കൈവരിച്ചതില്‍ എം.വി.രാഘവന്‍ ദുഃഖിതനായിരുന്നെന്ന് ഡോ.രാധാകൃഷ്ണന്‍ കണ്ടെത്തുന്നു. ഫലിതപ്രിയനായ മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ഈ കൊലപാതക രാഷ്ട്രീയത്തിന്റെ ഗുണഭോക്താവായിരുന്നെന്നും നിരീക്ഷണമുണ്ട്.
എന്താണ് സിപിഎമ്മിന്റെ കണ്ണൂര്‍ മോഡല്‍ എന്ന് വിശദമാക്കുന്ന ലേഖനം സമാധാനത്തെ തകര്‍ത്തെറിഞ്ഞത് പാര്‍ട്ടിയുടെ കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയമാണെന്ന് പറയുന്നു. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന് അറുതി വരണമെങ്കില്‍ ഒരു സൈക്കോപ്പാത്തിന്റെ എല്ലാ ലക്ഷണങ്ങളും ഒത്തു ചേര്‍ന്ന ചെഗുവേര എന്ന വിഗ്രഹത്തെ ഉപേക്ഷിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തയ്യാറാകണമെന്നും ജനാധിപത്യ വിശ്വാസികളായ നേതാക്കള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലും ഉണ്ടല്ലോ. അവരെയാരെയെങ്കിലും വിഗ്രഹമാക്കുക അതാകും അവര്‍ക്കും നല്ലതെന്ന് പറഞ്ഞ് ഡോ.കെ.എസ്.രാധാകൃഷ്ണന്‍ ലോഖനം അവസാനിപ്പിക്കുന്നു. എന്നാല്‍ ഈ ലേഖനത്തില്‍ തന്നെ കേരളത്തിലെ പാര്‍ട്ടി നേതാക്കളെയെല്ലാം പേരെടുത്ത് പറഞ്ഞ് അക്രമ രാഷ്ട്രിയത്തിന്റെ ഗുണഭോക്താക്കളാക്കി മാറ്റിയിട്ടുണ്ട് ഡോ.കെ.എസ്.രാധാകൃഷ്ണന്‍.
