കുടുംബശ്രീയില്‍ നിന്നും വായ്പയെടുത്ത് കൂൺകൃഷി നടത്തിയ വനിതകളെ സ്വകാര്യ ഏജൻസി വഞ്ചിച്ചതായി പരാതി. കൃഷിക്കായി വായ്പയെടുത്ത കോഴിക്കോട് തൊട്ടിൽപാലം കാവിലുംപാറയിലെ 5 കുടുംബശ്രീ സംഘങ്ങൾക്ക് ഇതേ തുടർന്ന് ജപ്തി നോട്ടീസ് ലഭിച്ചു.

കുടുംബശ്രീ സ്വയം തൊഴിൽ പദ്ധതിയിൽപെടുത്തി തൊട്ടിൽപാലം കാവിലുംപാറയിലെ 5 സംഘങ്ങളിലുള്ള വനിതകളാണ് കൂൺ കൃഷി നടത്താൻ വായ്പയെടുത്തത്. 2014 മാർച്ചിലാണ് തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള പ്ലാന്‍റേഷൻ ഡവലപ്മെന്‍റ് സൊസൈറ്റി എന്ന സ്വകാര്യ ഏജൻസിയുമായി കുടുംബശ്രീ കരാർ ഒപ്പുവെച്ചത്. ഇതനുസരിച്ച് കൃഷിക്ക് ആവശ്യമായ ഹൈടെക് പോളി ഹൗസ് സ്ഥാപിക്കൽ, വിത്ത് വിതരണം എല്ലാം മൂന്ന് വർഷത്തേക്ക് ഏജൻസി ചെയ്യും.

ഓരോ സ്വാശ്രയ സംഘവും രണ്ട് ലക്ഷം വീതം വായ്പ എടുത്ത് പണം ഏജൻസിക്ക് കൈമാറുകായിരുന്നു.വഎന്നാൽ ആദ്യ സീസണിലെ ഒരു കൃഷിക്ക് വേണ്ട സംവിധാനം മാത്രം ഒരുക്കി ഏജൻസി മുങ്ങി. ഹൈടെക് പൊളി ഹൗസിന് പകരം ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടുള്ള ഷെഡുകളാണ് ഇവടെ സ്ഥാപിച്ചത്. പിന്നീട് ഏജൻസി സമീപിച്ചപ്പോൾ ഡയറക്ടർ ഉൾപ്പെടെയുള്ളവർ കയ്യൊഴിഞ്ഞെന്ന് വനിതകൾ പറയുന്നു.

 പലിശയടക്കം രണ്ടര ലക്ഷം വീതം ഓരോ സംഘവും അടക്കണമെന്ന് കാട്ടിയാണ് വായ്പ നൽകിയ കാനറാ ബാങ്ക് ജപ്തി നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ സ്വകാര്യ ഏജൻസിയെ പരിചയപെടത്തി കുടുംബ ശ്രീ ജില്ലാ മിഷൻ ഇവർ വ‌ഞ്ചിച്ചപ്പോൾ ഇടപെട്ടില്ലെന്നും വനിതകൾ പറയുന്നു. പണം തിരിച്ചടവിന് ശേഷിയില്ലാത്തവരാണ് ജപ്തി നോട്ടീസ് ലഭിച്ചവർ.