മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കുപ്രസിദ്ധമായ പ്രദേശത്തിന്റെ ചീത്തപ്പേരുമാറ്റാനാണ് നീക്കമെന്ന് വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു.

മോസ്‌കോ: ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും ഈജിപ്ത് സ്റ്റാര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലായെ ചെചന്യ പ്രവിശ്യാ ഭരണകൂടം പൗരത്വം നല്‍കി ആദരിച്ചു. എന്നാല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കുപ്രസിദ്ധമായ പ്രദേശത്തിന്റെ ചീത്തപ്പേരുമാറ്റാനാണ് നീക്കമെന്ന് വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു. ചീത്തപ്പേര് ഒരുപാടുണ്ട് ചെചന്യക്ക്. ആഭ്യന്തര യുദ്ധത്തിന് ശേഷം വിഘടനവാദികളെ അടിച്ചൊതുക്കാന്‍ റഷ്യന്‍ സര്‍ക്കാറിന്റെ ആശീര്‍വാദത്തോടെ ഭരിക്കുന്ന ഭരണകൂടം.

സ്വവര്‍ഗരതിക്കാര്‍ക്കായി കോണ്‍സന്‍ട്രേഷന്‍ ക്യാംപ് പോലുമുള്ള നാട്. മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലു വില. എന്നാല്‍ ഇനി മുഹമ്മദ് സലാ എന്ന താരത്തിന്റെ നാടെന്ന പേരിലും ചെചന്യക്ക് അറിയപ്പെടാം. ഈജിപ്ത് ടീമിനെ വിരുന്നിന് ക്ഷണിച്ചാണ് ഭരണതലവന്‍ റമദാന്‍ കദ്യരോവിെന്റെ പൗരത്വം നല്‍കി സലായെ ആദരിച്ചത്. ഭക്ഷണത്തിന് ശേഷം സലായുടെ വസ്ത്രത്തില്‍ ഔദ്യോഗിക ചിഹ്നം ഭരണതലവന്‍ തന്നെ പതിപ്പിച്ചു.

എന്നാല്‍ ചടങ്ങിനെത്തിയ സലാ ആകെ അമ്പരന്ന് നില്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇത്രയേറെ മനുഷ്യാവകാശ വിരുധ പ്രവര്‍ത്തനം നടക്കുന്ന രാജ്യത്തിന്റെ പൗരത്വം സലായ്ക്ക് എന്തിനെന്ന് ചോദ്യം ഉയര്‍ന്ന് കഴിഞ്ഞു. ചീത്തപ്പേരുമാറ്റാനുള്ള കദ്യരോവിന്റെ അടവില്‍ സലാ പെട്ടു പോയെന്നും വാദമുണ്ട്. എന്നാല്‍ ആക്ഷേപങ്ങളൊക്കെ കദ്യരോവ് തള്ളിക്കളയുന്നു. 

ഈജിപ്ഷ്യന്‍ ടീം താമസിച്ചത് ചെചന്യയിലാണ്. യാത്ര പറയും മുന്‍പ് ആദരം നല്‍കുന്നതില്‍ എന്താണ് തെറ്റന്നാണ് മറുചോദ്യം. കദ്യരോവും സലായും തമ്മില്‍ നല്ലബന്ധമാണെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. പരിശീലനത്തിനടക്കം കദ്യരോവിനൊപ്പം സലാ എത്തിയ സംഭവങ്ങളുമുണ്ടായി. ഏതായാലും സംഗതി വിവാദമായെങ്കിലും പ്രതികരിക്കാന്‍ സലാ തയാറായിട്ടില്ല.