തിരുവനന്തപുരം: ഗതാഗത വകുപ്പിന്‍റെ വാഹന പരിശോധനയില്‍ പിടികൂടിയത് മോട്ടോർ വാഹന നിയമം ലംഘിച്ച് നമ്പർ പ്ലേറ്റ് ഘടിപ്പിച്ച മൂവായിരത്തിലധികം വാഹനങ്ങൾ.
'ഓപ്പറേഷൻ നമ്പർ' എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ 10 ലക്ഷം രൂപയാണ് പിഴ ഇനത്തില്‍ ഈടാക്കിയത്. ഗതാഗത കമ്മീഷണര്‍ ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയിലാണ് ചട്ടം ലംഘിച്ച് നമ്പർ പ്ലേറ്റുകൾ വച്ച മൂവായിരത്തിലധം വാഹനങ്ങള്‍ പിടികൂടിയത്. വാഹനത്തിലെ നമ്പർ പ്ലേറ്റുകളില്‍ ഇനി അധികം ആഡംബരം വേണ്ടെന്നാണ് ഗതാഗത വകുപ്പിന്‍റെ ഉപദേശം.

നമ്പർ പ്ലേറ്റില്‍ രജിസ്ട്രേഷന്‍ നമ്പരും അക്ഷരങ്ങളും മാത്രമേ പാടുള്ളൂ, മറ്റ് അടയാളങ്ങളോ എഴുത്തോ പാടില്ല. രജിസ്ട്രേഷന്‍ നമ്പരുകള്‍ കൃത്യമായി പ്രദശിപ്പിക്കാതിരുന്നാലും കനത്ത പിഴ അടയ്ക്കേണ്ടി വരും.

ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് 2000 രൂപയാണ് പിഴ. ലൈറ്റ് മോട്ടോർ വാഹനങ്ങള്‍ക്ക് 3000, മീഡിയം വാഹനങ്ങള്‍ക്ക് 4000, ഹെവി വാഹനങ്ങള്‍ക്ക് 5000 രൂപ എന്നിങ്ങനെയാണ് പിഴ ഈടാക്കുന്നത്.

'ഓപ്പറേഷന്‍ നമ്പറി'ലൂടെ മോട്ടോർ വാഹന നിയമങ്ങള്‍ കർശനമാക്കുകയാണ് ഗതാഗത വകുപ്പ്. പരിശോധന ശക്തമാക്കി നിയമം ലംഘിക്കുന്നവർക്കതിരെ കർശന നടപടിയുമായി മുന്നോട്ട് പോകാനാണ് ഗതാഗത വകുപ്പിന്‍റെ തീരുമാനം.