ചേകന്നൂര്‍ മൗലവി കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 25 വര്‍ഷം കഴിയുന്നു. ഒരു സമുദായ നേതാവ് കൊല്ലപ്പെട്ടിട്ടും അത് കാര്യക്ഷമമായി അന്വേഷിക്കാനോ കുടുംബത്തിന് നീതി ഉറപ്പിക്കുവാനോ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ചേങ്ങന്നൂരിന്‍റെ മകള്‍ സല്‍മ പറയുന്നു തന്‍റെ മരണത്തിന് മുമ്പെങ്കിലും കൊലപാതകത്തിന് ഉത്തരവിട്ടതാരാണെന്ന് കണ്ടെത്തണമെന്ന്.... 

മലപ്പുറം : ചേകന്നൂർ മൗലവിയെ മതമൗലികവാദികൾ കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് ഇരുപത്തിഅഞ്ച് വർഷം. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ കാൽനൂറ്റാണ്ടിനിപ്പുറവും പൂർണ നീതികിട്ടിയില്ലെന്നാണ് മൗലവിയുടെ കുടുംബം പറയുന്നത്.

1993 ജൂലൈ 29ന് മത പ്രഭാഷണത്തിന് ക്ഷണിക്കാനെന്ന വ്യാജേന എത്തിയ സംഘം ചേകന്നൂർ മൗലവിയെ വീട്ടിൽ നിന്നും കൂട്ടികൊണ്ട് പോവുകയായിരുന്നു. പിന്നീട് മൗലവിയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. യാഥാസ്ഥിക മതമൗലിക വാദികളുടെ ഭീഷണി നേരത്തെ തന്നെയുണ്ടായിരുന്നതിനാൽ അന്വേഷണമാവശ്യപ്പെട്ട് കുടുംബവും സഹപ്രവർത്തകരും രംഗത്തെത്തി. 

ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഒടുവിൽ സിബിഐ ഏറ്റെടുത്തു. കൊലപാതകം തെളിയിക്കാനയെങ്കിലും മൃതദേഹവിശിഷ്ടങ്ങൾ കണ്ടെത്താനായില്ല. പത്ത് പേരെ പ്രതിചേർത്ത കേസിൽ ശിക്ഷിക്കപ്പെട്ടത് ഒരാൾമാത്രം. സി.ബി.ഐ കോടതി കേസിൽ പ്രതി ചേർത്ത എ.പി അബൂബക്കർ മുസ്ലിയാരെ ഹൈക്കോടതി പിന്നീട് കുറ്റവിമുക്തനാക്കി .

ഒരോരുത്തര്‍ അട്ടിമറിച്ച് ഒടുവില്‍ കോടതി വിധി. അത് മാത്രമാണ് സമാധാനം. സത്യമെന്താണെന്ന് പടച്ചോനറിയാമെന്നും ചേകന്നൂരിന്‍റെ ഭാര്യ ഹവ്വാ ഉമ്മ പറഞ്ഞു. കൊല ചെയ്ത ആള്‍ക്കാരെക്കാള്‍ ചെയ്യിപ്പിച്ച ആള്‍ക്കാരെ പുറത്തുകൊണ്ട് വരികയാണ് വേണ്ടത്. തങ്ങള്‍ മരിക്കുന്നതിന് മുമ്പേയെങ്കിലും കൊല്ലിച്ചതാരാണെന്ന സത്യം പുറത്ത് കൊണ്ട് വരണ പ്രാര്‍ത്ഥനമാത്രമാണ് ഉള്ളതെന്ന ചേകന്നൂർ മൗലവിയുടെ മകള്‍ സല്‍മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മൗലവിയുടെ അനുയായികളും ഖുർആൻ സുന്നത്ത് സൊസൈറ്റി പ്രവർത്തകരും ഇന്ന് കോഴിക്കോട് ഒത്തുചേരുന്നുണ്ട്. ചേകന്നൂർ സംഭവത്തിന് ശേഷം കേരളത്തിൽ മതമൗലിക വാദം കൂടുതൽ ശക്തമായെന്നതാണ് യാഥാർത്ഥ്യം.