തോട്ടം തൊഴിലാളികളുടെയും നിര്‍മ്മാണ തൊഴിലാളികളുടെയും മക്കള്‍ക്ക് അറിവ് പകര്‍ന്നു

ഇടുക്കി: മൂന്നാറിലെ ആദ്യകാല അധ്യാപികയും വ്യാപാര വ്യവസായ നേതാവായിരുന്ന പരേതനായ ചേലക്കല്‍ കൃഷ്ണന്റെ പത്നിയുമായ എം.കെ.ചെല്ലമ്മ (91) നിര്യാതയായി. കുടിയേറ്റ നാളുകളില്‍ തൊഴിലാളികളുടെ മക്കള്‍ക്ക് അറിവിന്റെ ദീപം പകര്‍ന്ന ചെല്ലമ്മ ടീച്ചര്‍ ഇന്നും വിദ്യാര്‍ത്ഥികളുടെ ഓര്‍മ്മയില്‍ ജീവിക്കുകയാണ്. ടീച്ചറിന്റെ മരണവാര്‍ത്തയറിഞ്ഞ വിദ്യാര്‍ത്ഥികളും നാട്ടുകാരും പ്രിയ ടീച്ചറിനെ ഒരുനോക്ക് കാണാനായി ടീച്ചറിന്റെ വസതിയായ മൂവാറ്റുപുഴയിലെത്തി. 

മൂവാറ്റുപുഴ ഓലിപ്പുരക്കാട്ടില്‍ കുടുംബാംഗമാണ്. ഇംഗ്ലീഷ് കമ്പനി തേയില വച്ചുപിടിപ്പിക്കുവാന്‍ മൂന്നാറിലെത്തിച്ച തോട്ടം തൊഴിലാളികളുടെയും നിര്‍മ്മാണ തൊഴിലാളികളുടെയും മക്കള്‍ക്ക് അറിവ് പകരുക എന്ന ദൗത്യം ടീച്ചര്‍ ഏറെ സ്നേഹത്തോടെയാണ് ചെയ്തിരുന്നതെന്ന് പ്രിയപ്പെട്ടവര്‍ അനുസ്മരിച്ചു. അടിസ്ഥാന സൗകര്യങ്ങളോ കാര്യമായ വികസനങ്ങളോ ഇല്ലാതിരുന്ന കാലത്തായിരുന്ന കാലത്താണ് ടീച്ചറിന്റെ കര്‍ത്തവ്യനിര്‍വ്വണം. മൂന്നാറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ മലയാളമായിരുന്നു പഠിപ്പിച്ചിരുന്നത്. 

തിരു കൊച്ചിയുടെ പല ഭാഗങ്ങളില്‍ നിന്നെത്തി കുടിയേറിപ്പാര്‍ത്ത തൊഴിലാളികളുടെ മക്കളായിരുന്നു ഭൂരിഭാഗം വിദ്യാര്‍ത്ഥികളും. മൂന്നാറിലെ ആദ്യകാല വ്യാപാര പ്രമുഖനായിരുന്ന ചേലയ്ക്കല്‍ കൃഷ്ണനെ വിവാഹം ചെയ്ത് മൂന്നാറിലെത്തിയതോടെയാണ് പാവപ്പെട്ട തൊഴിലാളികളുടെ മകള്‍ക്ക് വിദ്യ പകര്‍ന്നു നല്‍കുക എന്ന നിയോഗം പകര്‍ന്നു കിട്ടിയത്. വ്യാപാരി നേതാവില്‍ നിന്നും രാഷ്ട്രീയ നേതാവായും പിന്നീട് മൂന്നാറിലെ വ്യാപാര വ്യവസായ ഏകോപന സമിതിയുടെയും നേതാവായ ചേലക്കയ്ക്കല്‍ കൃഷ്ണനും പൊതുരംഗത്ത് മൂന്നാറിലെ ജനങ്ങള്‍ക്കു പൊതുസമ്മതനായിരുന്നു. മൂന്നാറിലെ ഹൈറേഞ്ച് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റായ സി.കെ.ബാബുലാല്‍ മകനാണ്. ഇന്ന് (ശനിയാഴ്ച) ഉച്ചയ്ക്ക് 11 മണിക്ക് മൂവാറ്റുപുഴ കാവനയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം.