എറണാകുളം ചെല്ലാനത്ത് കടല്‍ക്ഷോഭത്തില്‍ വീടുകളിലേക്ക് വെള്ളം കയറിയത് ജനജീവിതം ദുസ്സഹമാക്കി. നൂറോളം വീടുകളില്‍ വെള്ളം കയറി.
ചെല്ലാനം സ്വദേശി സിജോയുടെ വിവാഹം ആഴ്ചകള്‍ക്ക് മുമ്പേ നിശ്ചയിച്ചുറപ്പിച്ചതാണ്. ശനിയാഴ്ച നടക്കേണ്ട വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പേ വീടിന് മുന്നില്‍ പന്തലുമിട്ടു. എന്നാല്‍ അപ്രതീക്ഷ കടല്‍ക്ഷോഭം പ്രതീക്ഷകളെ തകിടം മറിച്ചു. മുറ്റത്ത് നിന്ന് വെള്ളം വീട്ടിനകത്തേക്ക് കയറിയതോടെ അല്‍പം മാറിയുള്ള പരിചയക്കാരന്റെ വീട്ടില്‍ പന്തലിട്ട് കല്യാണം അങ്ങോട്ട് മാറ്റി. എന്നാല്‍ വെള്ളം അവിടെയും എത്തിയതോടെ സമീപത്തെ ഒരു ഹാളിലാണ് ഒടുക്കം കല്യാണം നടത്തിയത്. എന്നാല്‍ വിവാഹം കഴിഞ്ഞിട്ടും നവദമ്പതികള്‍ക്ക് വീട്ടിലേക്ക് കയറാന്‍ നിര്‍വാഹമില്ല.
ചെല്ലാനത്തെ രണ്ട് മരണ വീടുകളിലും സ്ഥിതി വ്യത്യസ്‍തമല്ല. വീടുകള്‍ക്ക് ചുറ്റും വെള്ളമിറങ്ങാതെ നില്‍ക്കുന്നതിനാല്‍ മൃതദേഹങ്ങള്‍ വീട്ടിലേക്ക് കൊണ്ടുവരാതെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചെല്ലാനം മറുവക്കാട്ടെ നൂറിലധികം വീടുകളിലാണ് ഉപ്പുവെള്ളം കയറിയിരിക്കുന്നത്. ദുരിതാശ്വസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ തിരിച്ചെത്തിയാല്‍ മാത്രമേ എത്ര രൂപയുടെ നാശനഷ്‌ടമുണ്ടായെന്ന് കണക്കാക്കാനാവൂ.
