മേപ്പാടി: ചെമ്പ്ര ഫാത്തിമ ഫാം എസ്റ്റേറ്റ് മാനേജറെ ട്രേഡ് യൂണിയന്‍ നേതാക്കള്‍ തടഞ്ഞുവച്ചു. എസ്റ്റേറ്റ് ഓഫീസിലാണ് മാനേജര്‍ മാച്ചയ്യയെ രാവിലെ പതിനൊന്ന് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ തടഞ്ഞുവച്ചത്. മാനേജ്‌മെന്റ് കരാര്‍ ലംഘനം നടത്തുന്നുവെന്നാരോപിച്ചും ശമ്പളവും മറ്റാനുകൂല്യങ്ങളും കൃത്യമായി വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ചുമായിരുന്നു സമരം. സംയുക്ത സമരസമിതിയാണ് ഉപരോധം സംഘടിപ്പിച്ചത്. 

എട്ട് മാസത്തോളം ലോക്കൗട്ട് ചെയ്ത ശേഷം തോട്ടം തുറക്കുമ്പോള്‍ ഉണ്ടാക്കിയ കരാര്‍ മാനേജ്‌മെന്റ് ലംഘിച്ചെന്നാണ് പരാതി. ആഴ്ച്ചയില്‍ ആറ് ദിവസം ജോലി നല്‍കണമെന്ന് തൊഴില്‍ നിയമത്തില്‍ പറയുമ്പോള്‍ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി നാല് ദിവസം മാത്രമാണ് ജോലി നല്‍കുന്നതെന്നും ഇത് കരാര്‍ ലംഘനമാണെന്നും നേതാക്കള്‍ പറയുന്നു. എല്ലാ മാസവും പത്തിനകം ശമ്പളം നല്‍കണമെന്ന കാര്യത്തിലും മാനേജ്‌മെന്റ് വീഴ്ച്ച വരുത്തിയത്രേ. ബോണസും നല്‍കിയിട്ടില്ല. സമരത്തിന് കെ.ടി. ബാലകൃഷ്ണന്‍, ബി. സുരേഷ് ബാബു, പി.കെ. മുരളീധരന്‍, എന്‍. വേണുഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.