ദമാസ്കസ്: സിറിയയിലെ അലെപ്പോയിലെ വിമത മേഖലയില്‍ രാസായുധമായ ക്ലോറിന്‍ ഗ്യാസ് പ്രയോഗിച്ചതിനെ തുടര്‍ന്ന് നാലു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. യുദ്ധക്കെടുതി അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാനായി ദിവസവും മൂന്ന് മണിക്കൂര്‍ വെടി നിര്‍ത്താമെന്ന റഷ്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാസായുധ പ്രയോഗം നടന്നത്.
അലോപ്പെയില്‍ വിമതരും സഖ്യസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ കനത്തതിന് പിന്നാലെയാണ് വീണ്ടും രാസായുധ പ്രയോഗം നടന്നത്. ഹെലികോപ്റ്ററില്‍ നിന്നും ക്ലോറിന്‍ ഗ്യാസ് നിറച്ച ബാരലുകള്‍ വര്‍ഷിക്കുകയായിരുന്നു എന്ന് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കി. ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
യുദ്ധം രൂക്ഷമായ മേഖലയില്‍ സഹായമെത്തിക്കുന്നതിനായി ദിവസവും അല്‍പ്പ സമയം വെടിനിര്‍ത്താമെന്ന് റഷ്യ സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് രാസായുധ പ്രയോഗം നടന്നത്. ദിവസം മൂന്ന് മണിക്കൂര്‍ നേരത്തേക്ക് വെടിനിര്‍ത്താമെന്ന റഷ്യയുടെ നിര്‍ദ്ദേശം പക്ഷേ ഐക്യരാഷ്ട്ര സംഘടന തള്ളി. സഹായമെത്തിക്കാന്‍ ഈ സമയം മതിയാകില്ലെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ നിലപാട്. വെള്ളവും ആഹാരവും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമല്ലാത്ത മേഖലയില്‍ 48 മണിക്കൂര്‍ സമയമെങ്കിലും വേണണെന്ന് യുഎന്‍ വക്താക്കള്‍ അറിയിച്ചു.
ഇതിനിടയിലും അലെപ്പോ ഉള്‍പ്പെയുള്ള മേഖലകളില്‍ സഖ്യസേനയും വിമതരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. രൂക്ഷമായ പോരാട്ടത്തില്‍ ഇന്ന് മാത്രം 30 പേര്‍ കൊല്ലപ്പെടുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. അമേതസമയം ഐഎസിന്‍റെ രാസായുധ ഫാക്ടറി തകര്‍ക്കാന്‍ കഴിഞ്ഞതായി റഷ്യ അവകാശപ്പെട്ടു.
