പഴങ്ങളില്‍ മിനുസം കൂട്ടാന്‍ മെഴുക് രാസപദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നു  

ഇടുക്കി: ആപ്പിളില്‍ മിനുസം കൂട്ടാന്‍ പുറന്തോലില്‍ കൃത്രിമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് മൂന്നാറില്‍ ഫുഡ് ആന്റ് സേഫ്റ്റി വകുപ്പ് പരിശോധനയില്‍ കണ്ടെത്തി. വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. പ്രാഥമികമായ പരിശോധനയില്‍ ആപ്പിളിന് മിനുസം കൂട്ടാന്‍ കൃത്രിമ മാര്‍ഗ്ഗങ്ങള്‍ ഉപോഗിച്ചിട്ടുണ്ടെന്നാണ് വിവരം. 

മൂന്നാറിലെ മാര്‍ക്കറ്റില്‍ നിന്നും കഴിഞ്ഞ ദിവസം ആപ്പിള്‍ വാങ്ങിയ ഉപഭോക്താവ് ആപ്പിളിന്റെ പുറത്ത് മെഴുക് ഉള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പരാതി നല്‍കിയിരുന്നു. ഏതാനും ദിവസങ്ങളായി ഇത്തരത്തിലുള്ള പരാതി വ്യാപകമാണ്. മാര്‍ക്കറ്റിലെ കടകളിലും നിന്നും ശേഖരിച്ച പഴങ്ങള്‍ പരിശോധനയ്ക്കായി കാക്കനാട്ടുള്ള റീജണല്‍ അനലറ്റിക്കള്‍ ലാബിലേയ്ക്ക് അയച്ചിട്ടുണ്ട്. പഴങ്ങളില്‍ മിനുസം കൂട്ടാന്‍ തേനീച്ചകളില്‍ നിന്നും ശേഖരിക്കുന്ന മെഴുകും പ്രാണികളില്‍ നിന്ന് ഉല്പാദിപ്പിക്കപ്പെടുന്ന ചില വസ്തുക്കളും അനുവദനീയമാണെങ്കിലും പെട്രോളിയം പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുള്ളതാണെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

മാര്‍ക്കറ്റില്‍ ഇത്തരം പഴങ്ങള്‍ എത്തിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ വകുപ്പ് അന്വേഷിച്ചു വരുന്നുണ്ട്. പരിശോധനയില്‍ കൃത്രിമമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ വിതരണം ചെയ്യുന്നവര്‍ക്കെതിരെയും കച്ചവടക്കാര്‍ക്കെതിരെയും നടപടി എടുക്കും. പരാതി വ്യാപകമായതോടെ ഫുഡ് ആന്റ് സേഫ്റ്റി വകുപ്പ് അസിസ്റ്റന്റ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന. ഉടുമ്പന്‍ചോല ഫുഡ് ആന്റ് സേഫ്റ്റി ഓഫീസര്‍ ഡോ.ജോസഫ് കുര്യോക്കോസ്, ഉദ്യോഗസ്ഥരായ ബിനോജ്, തൊടുപുഴയില്‍ നിന്നെത്തിയ അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.