ചെങ്ങന്നൂരില്‍ ശക്തമായ പ്രചരണ തന്ത്രങ്ങളുമായി ബിജെപി

ചെങ്ങന്നൂർ: ശക്തമായ ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂരില്‍ ശക്തമായ പ്രചരണ തന്ത്രങ്ങളുമായി ബിജെപി. ബിജെപിയുടെ മഹാസമ്പർക്ക പരിപാടി വഴി ജനങ്ങളിലേക്കിറങ്ങി പഴുതറ്റ പ്രവര്‍ത്തനമാണ് ബിജെപി നടത്തുന്നത്. ഒര ദിവസം മാത്രം മണ്ഡലത്തിലെ 164 ബൂത്തുകളിലേയും വീടുകള്‍ സന്ദർശിച്ച് എൻഡിഎ സ്ഥാനാർത്ഥി അഡ്വ. പി എസ് ശ്രീധരൻപിള്ളയ്ക്ക് പ്രവർത്തകർ വോട്ടഭ്യർഥിച്ചു. 

സാധാരണ പ്രവർത്തകൻ മുതൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ വരെയുള്ളവർ മണ്ഡലത്തില്‍ സജീവമായിരുന്നു. പ്രത്യേക ലഘുലേഖകളുമായാണ് പ്രവര്‍ത്തകരുടെ പ്രചരണം. കുമ്മനത്തിന്‍റെ നേതൃത്വത്തിൽ സന്ദർശിച്ചാണ് മഹാസമ്പ‍ർക്കത്തിന് തുടക്കമായത്. ശ്രീധരൻപിള്ളയും മറ്റ് സംസ്ഥാന നേതാക്കളും ഒപ്പമുണ്ടായിരുന്നു

കടുത്ത മത്സരമാണ് ചെങ്ങന്നൂരില്‍ മൂന്ന് മുന്നണികളും പ്രതീക്ഷിക്കുന്നത്. ബിജെപി ഏകദേശം യുഡിഎഫിനോളം തന്നെ വോട്ട് നേടി മുന്നോട്ട് വന്ന മണ്ഡലമാണ് ചെങ്ങന്നൂര്‍. അന്ന് ബിഡിജെഎസ് പിന്തുണയോടെയായിരുന്നു മത്സരം. എന്നാല്‍ ബിഡിജെഎസ് വോട്ടുകള്‍ നിര്‍ണായകമാകില്ലെന്ന കണക്കു കൂട്ടലിലാണ് ബിജെപി. അതേസമയം തന്നെ ബിഡിജെഎസുമായുള്ള അനുനയ നീക്കങ്ങളും തകൃതിയാണ്. സര്‍ക്കാറിന്‍റെ വിലയിരുത്തലാകുന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും കടുത്ത പ്രചരണം നടത്തുന്നുണ്ട്. ഒരു തിരിച്ചുവരവിനുള്ള അവസരമായാണ് കോണ്‍ഗ്രസ് ചെങ്ങന്നൂരിനെ കാണുന്നത്. സംസ്ഥാന നേതാക്കളെ അണിനിരത്തി ശക്തമായ പ്രചരണം കോണ്‍ഗ്രസും നടത്തുന്നുണ്ട്.