ചെങ്ങന്നൂരില്‍ നൂറിന്റെ നിറവിലെത്തിയ മൂന്നു വോട്ടര്‍മാർ 

ആലപ്പുഴ: ചെങ്ങന്നൂര്‍ നാളെ പോളിങ് ബൂത്തിലേക്ക് പോകുന്പോൾ വോട്ട് ചെയ്യാൻ നൂറ് വയസ് പിന്നിട്ട മൂന്ന് പേരും ഉണ്ട്. നൂറ്റാണ്ടിന്റെ രാഷ്ട്രീയചരിത്രം കണ്ടറിഞ്ഞ മണ്ഡലത്തിലെ മുതിർന്ന പൗരൻമാരെ ജില്ലാകളക്ടർ വീട്ടിലെത്തി ആദരിച്ചു. 

കല്ലിശ്ശേരിയിലെ തേവരൂഴത്തിൽ വീട്ടിൽ രാഷ്ട്രീയം തന്നെയാണ് ചർച്ചവിഷയം. 102കാരനായ കുരുവിളയ്ക്ക് പക്ഷെ അൽപം പഴയ കാര്യങ്ങളാണ് മനസില്‍. കരസേനയിലും റെയിൽവേയിലും ജോലി ചെയ്തിരുന്ന കുരുവിള 40 വര്‍ഷം മുൻപാണ് വിരമിച്ചത്. രാഷ്ട്രീയത്തിൽ ചായ് വ് വലത്തോട്ട്. വിശേഷങ്ങൾ പറഞ്ഞിരിക്കവേയാണ് ജില്ലാകളക്ടർ ടിവി അനുപമ എത്തിയത്. വോട്ടുചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി കത്ത് കൈമാറി. പൊന്നാടയണിയിച്ചു. സന്തോഷമറിയിച്ച് കുരുവിള ചിരിച്ചു. എന്ത് തന്നെയായാലും വോട്ട് ചെയ്യാന്‍ മറക്കരുതെന്ന് ഓര്‍മിപ്പിച്ചാണ് കളക്ടര്‍ മടങ്ങിയത്.