എല്ലാ തലങ്ങളിലുമുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റികൾ വിളിച്ച് ചേർത്ത് തോൽവി വിലയിരുത്തും
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ കനത്ത തിരിച്ചടിയുടെ ഞെട്ടലിൽ നിന്ന് കോൺഗ്രസ്സ് നേതൃത്വം മുക്തമായിട്ടില്ല. പരമ്പരാഗത യുഡിഎഫ് കോട്ടയായ ചെങ്ങന്നൂരിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ എല്ലാ തലങ്ങളിലും പരിശോധിക്കാനൊരുങ്ങുകയാണ് ജില്ലയിലെ കോൺഗ്രസ്സ് നേതൃത്വം.
ചെങ്ങന്നൂർ നഗരസഭയും പത്തുപഞ്ചായത്തുകളും അടക്കം എല്ലാം തെരഞ്ഞെടുപ്പില്‍ കൈവിട്ടു. യുഡിഎഫിന്‍റെ ശക്തി കേന്ദ്രങ്ങളായ പഞ്ചായത്തുകളിൽ പോലും ഒരു വോട്ടിന്‍റെയെങ്കിലും ഭൂരിപക്ഷം നേടാൻ യുഡിഎഫിന് കഴിഞ്ഞില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ സംസ്ഥാനത്തെ യുഡിഎഫിനും കോണ്‍ഗ്രസ്സ് നേതൃത്വത്തിനും മുഖത്തേറ്റ അടിയായി ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്.
ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മറ്റ് യുഡിഎഫ് നേതാക്കളും നേരിട്ട് നേതൃത്വം നൽകിയ തെരഞ്ഞെടുപ്പ്. എന്നിട്ടും എല്ലാം തരിപ്പണമായി. എൽഡിഎഫിൻറെ വിജയം യുഡിഎഫ് കോട്ടകളിൽ വിള്ളൽ വീഴ്ത്തിയെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്സും യുഡിഎഫ് നേതൃത്വവും. ചെങ്ങന്നൂരിലെ വൻ പരാജയം പരിശോധിക്കാൻ തന്നെയാണ് കോൺഗ്രസ്സിൻറെ തീരുമാനം. മണ്ഡലത്തിലെ എല്ലാ തലങ്ങളിലുമുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റികൾ വിളിച്ച് ചേർത്ത് തോൽവി വിലയിരുത്തും. പ്രതിപക്ഷ നേതാവിൻറെ പഞ്ചായത്തിലും സ്വന്തം ബൂത്തിൽ വരെ പിറകിലായത് കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം വലിയ നാണക്കേടാണ്.
ഡി വിജയകുമാറിൻറെ പഞ്ചായത്തായ പുലിയൂരിൽ പോലും യുഡിഎഫിന് മേൽക്കൈ നേടാനായില്ല. ഇത് കോൺഗ്രസ്സ് നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കുന്നു. എകെ ആൻറണി രണ്ട് ദിവസം മുഴുവൻ മണ്ഡലത്തിൽ ഓടി നടന്ന് പ്രസംഗിച്ചിട്ടും ഫലമുണ്ടായില്ല. തോൽവി വിലയിരുത്തി വീഴ്ചകൾ പരിഹരിക്കാനാവും ഇനി കോൺഗ്രസ്സിൻറെയും യുഡിഎഫിൻറെയും തീരുമാനം.
