പിണറായി സര്‍ക്കാര്‍ ശരിയുടെ പാതയിലെന്ന്‌ ചെങ്ങന്നൂര്‍ ജനത വിധിയെഴുതി ചെങ്ങന്നൂരിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം കെ കെ രാമചന്ദ്രന്‍ നേടിയ ഭൂരിപക്ഷത്തിന്റെ രണ്ടിരട്ടിയോളം ഭൂരിപക്ഷം നേടി സജി ചെറിയാന്‍
കേരള രാഷ്ട്രീയം കണ്ട ത്രസിപ്പിക്കുന്ന പോരാട്ടങ്ങളില് ഒന്നായി മാറിയ ചെങ്ങന്നൂരില് ആവേശജയമാണ് ഇടതുപക്ഷം പിടിച്ചെടുത്തത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില് തന്നെ വന് മുന്നേറ്റം നടത്തിയ സജി ചെറിയാന് ചെങ്ങന്നൂരിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം കുറിച്ചു. ഇടതുതരംഗം ആഞ്ഞടിച്ച 2016 നിയമസഭ തിരഞ്ഞെടുപ്പില് കെ കെ രാമചന്ദ്രന് നേടിയ ഭൂരിപക്ഷത്തിന്റെ രണ്ടിരട്ടിയോളം ഭൂരിപക്ഷം നേടാനായെന്നതും സജി ചെറിയാന് വിജയത്തിന്റെ തിളക്കം വര്ധിപ്പിക്കുന്നു. 2016 ല് രാമചന്ദ്രന് 7983 വോട്ടുകള്ക്കാണ് ജയിച്ചതെങ്കില് ഇക്കുറി സജി ചെറിയാന് ഇരുപതിനായിരത്തില് അധികം വോട്ടുകള്ക്കാണ് ജയിച്ചുകയറിയത്. 1987 ല് മാമന് ഐപ് നേടിയ 15703 എന്ന റെക്കോര്ഡ് ഭൂരിപക്ഷവും ഇടത് സ്ഥാനാര്ഥിയുടെ കുതിപ്പിന് മുന്നില് ചരിത്രതാളുകളില് പിന്തള്ളപ്പെട്ടു.
യുഡിഎഫ് കോട്ടകളെല്ലാം സജി ചെറിയാന് ഉയര്ത്തിവിട്ട തരംഗത്തില് തകര്ന്നടിഞ്ഞു. ഒരിടത്തുപോലും കോണ്ഗ്രസിനും യുഡിഎഫിനും ഇടത് മുന്നേറ്റത്തിന് വെല്ലുവിളി ഉയര്ത്താനായില്ലെന്നതും ശ്രദ്ധേയമാണ്. ബിജെപി സ്ഥാനാര്ഥി പിഎസ് ശ്രീധരന് പിള്ള കഴിഞ്ഞ തവണ നേടിയ വോട്ടുകളില് വന് വിള്ളലുണ്ടാക്കിയതും ഇടത് സ്ഥാനാര്ഥിയുടെ വിജയത്തിന് തിളക്കം നല്കി.
വോട്ടെണ്ണല് അരമണിക്കൂര് പിന്നിട്ടപ്പോള് തന്നെ ഇടതുമുന്നണി പ്രവര്ത്തകര് ആഹ്ലാദ പ്രകടനവുമായി തെരുവുകള് കീഴടക്കിയിരുന്നു. ആദ്യം വോട്ടെണ്ണിയ മാന്നാര് പഞ്ചായത്ത് എക്കാലത്തും യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്നു. ഇവിടെ എല്ലാ ബൂത്തുകളിലും വന് മുന്നേറ്റം സജി ചെറിയാന് നടത്തിയതോടെ ചെങ്ങന്നൂരില് ഇടതുതരംഗം ആഞ്ഞടിക്കുകയാണെന്ന് വ്യക്തമായി. മറ്റ് പഞ്ചായത്തുകളുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ആലപ്പുഴയില് ബിജെപിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായ തിരുവന്വണ്ടൂരിലും ചെങ്കൊടി പാറിച്ചാണ് സജി ചെറിയാന് വിജയരഥത്തിലേറിയത്.
എല്ലാം ശരിയാക്കുമെന്ന് ആണയിട്ട് പറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്ക്കാര് ശരിയുടെ പാതയിലാണെന്ന് ചെങ്ങന്നൂര് ജനത വിധിയെഴുതിയപ്പോള് സര്ക്കാരിന് അത് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ചടുത്തോളം അഭിമാനപോരാട്ടമായിരുന്നു. അധികാരത്തിലേറിയതിന് ശേഷം നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ട സാഹചര്യത്തില് ചെങ്ങന്നൂരിലും തിരിച്ചടിയുണ്ടായിരുന്നെങ്കില് ഭരണപരാജയമെന്ന വിശേഷണത്തില് കാര്യങ്ങള് എത്തുമായിരുന്നു.
മലപ്പുറത്തും വേങ്ങരയിലും പരാജയപ്പെട്ടപ്പോള് മുസ്ലിംലീഗിന്റെ ഉറച്ച കോട്ട, യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് തുടങ്ങിയ വാദങ്ങള് മുന്നില് വയ്ക്കാനുണ്ടായിരുന്നു. എന്നാല് ചെങ്ങന്നൂരില് അത്തരം കവചങ്ങളൊന്നുമുണ്ടായിരുന്നില്ല. സിറ്റിംഗ് സീറ്റിലെ മത്സരമായതിനാല് തന്നെ ഇടതുപക്ഷത്തിന് പരാജയം ചിന്തിക്കാന് പോലും ആകുമായിരുന്നില്ല. ഭരണത്തിന്റെ വിലയിരുത്തലെന്ന ലേബലുമായാണ് എവരും ചെങ്ങന്നൂരിലെത്തിയത്. പിണറായി സര്ക്കാരിന്റെ പോരായ്മകള് എണ്ണിയെണ്ണിപറഞ്ഞാണ് പ്രതിപക്ഷവും ബിജെപിയും കളം നിറഞ്ഞത്.
കോണ്ഗ്രസിന്റെ സമുന്നതനായ നേതാവ് എകെ ആന്റണി തന്നെ നേരിട്ടെത്തി പിണറായി സര്ക്കാരിനെ വിമര്ശിച്ചു. ഉമ്മന്ചാണ്ടിയും രമേശ് ചെന്നിത്തലയും അരയും തലയും മുറുക്കി രംഗത്തെത്തിയപ്പോള് പ്രവര്ത്തകര് വിജയകുമാറിന്റെ വിജയത്തിനായി കയ്യും മെയ്യും മറന്ന് പോരാടി. ബിജെപിയാകട്ടെ കഴിഞ്ഞ തവണ ശ്രീധരന്പിള്ള കാട്ടിയ അത്ഭുതം ഇക്കുറിയും പ്രതീക്ഷിച്ചു. ത്രിപുരയില് ചരിത്രം കുറിച്ച ബിപ്ലവ് ദേവും കേന്ദ്രനേതാക്കളും കൂട്ടമായെത്തിയായിരുന്നു പിണറായി സര്ക്കാരിനെ വിമര്ശിച്ചത്.
ഇടതുമുന്നണിയുടെ സ്ഥാനാര്ഥിയായെത്തിയ സിപിഐഎം ജില്ലാ സെക്രട്ടറി സജി ചെറിയാനാകട്ടെ രാമചന്ദ്രന്റെ അത്ര ജനകീയനല്ലെന്നായിരുന്നു ആദ്യ പ്രചരണം. ശ്രീജിത്തിന്റെ കസ്റ്റഡി മരണവും വിശന്നു വലഞ്ഞ മധുവിനെ തല്ലികൊന്നതും പ്രണയവിവാഹത്തിന്റെ പേരില് ജീവന് നഷ്ടമായ കെവിനും ഓഖിയിലെ സര്ക്കാര് എടപെടലുകളിലെ പാളിച്ചയുമടക്കം നിരവധി വിഷയങ്ങള് ചെങ്ങന്നൂരില് ചോദ്യങ്ങളായി. നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റവും ഇടതുപക്ഷത്തിന് വെല്ലുവിളിയായിരുന്നു.
പക്ഷെ, വിമര്ശകരുടെ എല്ലാ കണക്കുകൂട്ടലുകളെയും പ്രതീക്ഷകളെയും അസ്ഥാനത്താക്കുന്ന വിജയമാണ് പിണറായി സര്ക്കാരിന് ചെങ്ങന്നൂര് ജനത സമ്മാനിച്ചത്. എല്ലാ ചോദ്യങ്ങള്ക്കുമുള്ള ഉത്തരം ജനങ്ങള് നല്കിയിട്ടുണ്ടെന്ന് ആത്മവിശ്വാസത്തോടെ പിണറായിക്കും കൂട്ടര്ക്കും പറയാം. വിജയകുമാര് ഹിന്ദുത്വവാദിയാണെന്ന ഇടത് പ്രചാരണം കുറിക്കുകൊണ്ടുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം നല്കുന്ന ആദ്യ സൂചന. കോണ്ഗ്രസിന് ലഭിച്ചുകൊണ്ടിരുന്ന പരമ്പരാഗത ക്രിസ്ത്യന് വോട്ടുകള് സജി ചെറിയാനിലൂടെ ഇടത് പെട്ടിയില് വീണതും ഗുണം ചെയ്തു. വിഷ്ണുനാഥിനെ സ്ഥാനാര്ത്ഥിയാക്കാത്തതിലുള്ള ഗ്രൂപ്പ് വിഷയങ്ങളാകട്ടെ കോണ്ഗ്രസിന് തിരിച്ചടിയായി. മൂന്ന് വട്ടം കൈപ്പത്തി ചിഹ്നത്തില് തുടര്ച്ചയായി ജയിച്ചുകയറിയ ശോഭനാ ജോര്ജിന്റെ സാന്നിധ്യവും ഇടത് പക്ഷത്തിന് തുണയായി. പിഎസ് ശ്രീധരന് പിള്ളയുടെ പെട്ടിയില് വീണ വോട്ടുകളും വിജയകുമാറിന്റെ വിജയപ്രതീക്ഷകളില് കരിനിഴല് പടര്ത്തുകയായിരുന്നു.
തെരഞ്ഞെടുപ്പ് വിജയം സര്ക്കാരിന് നല്കുന്ന ആത്മവിശ്വാസവും ഊര്ജ്ജവും വളരെ വലുതാണ്. വിമര്ശകരുടെ വാദങ്ങളില് കഴമ്പില്ലെന്ന് ചെങ്ങന്നൂരിനെ ചൂണ്ടി പിണറായിക്കും കൂട്ടര്ക്കും പുഞ്ചിരിച്ചുകൊണ്ട് പറയാം. എല്ലാം ശരിയാക്കുകയാണെന്ന് ജനം സമ്മതിക്കുന്നതിന്റെ തെളിവാണ് വിജയമെന്നും ആവര്ത്തിക്കാം. ആ ആത്മവിശ്വസത്തോടെയും പുഞ്ചിരിയോടെയും മുഖ്യമന്ത്രി കസേരയില് അമര്ന്നിരിക്കാം. തത്കാലം വിമര്ശനങ്ങള്ക്കൊന്നും പ്രസക്തിയില്ല. അത്രമേല് ത്രസിപ്പിക്കുന്ന വിജയമാണ് ചെങ്ങന്നൂരില് പിണറായി സര്ക്കാര് നേടിയെടുത്തിരിക്കുന്നത്.
