ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കൊടുത്ത പണി

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഇങ്ങനെയൊക്കെ പണി കൊടുക്കുമെന്ന് യുഡിഎഫുകാര്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ഉറച്ച കോട്ടയായിരുന്ന മണ്ഡലം ഇടതു തരംഗത്തില്‍ കഴിഞ്ഞ വട്ടം വീണു പോയെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ കരുത്ത് കാട്ടി തിരിച്ചു പിടിക്കുമെന്നായിരുന്നു സകല കോണ്‍ഗ്രസുകാരും പറഞ്ഞിരുന്നത്. പക്ഷേ, പണി കിട്ടിയതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് പലരും മുങ്ങുകയാണെന്നാണ് എതിര്‍ പാര്‍ട്ടിക്കാര്‍ അടക്കം പറയുന്നത്.

പ്രചാരണ കാലത്ത് നടത്തിയ വീര വാദങ്ങളൊക്കെ കുത്തിപ്പൊക്കാന്‍ തുടങ്ങിയതോടെ ഇതല്ലാതെ മറ്റു രക്ഷയില്ലത്രേ. ചെങ്ങന്നൂരിലെ പ്രചാരണം ചൂടു പിടിച്ചപ്പോള്‍ ഷാഫി പറമ്പില്‍ നടത്തിയ ഫെയ്സ്ബുക്ക് ലെെവ് ട്രോളന്മാര്‍ ഏറ്റെടുത്ത് കഴിഞ്ഞു. കോണ്‍ഗ്രസുകാര്‍ക്കും യുഡിഎഫുകാര്‍ക്കും മാത്രമല്ല, പിണറായി വിജയന്‍റെ ചില കടുത്ത വിമര്‍ശകര്‍ക്കും ചെങ്ങന്നൂരിലെ സജി ചെറിയാന്‍റെ മിന്നുന്ന വിജയം കൊടുത്തത് ഒന്നൊന്നര പണിയാണ്. പലരും കിട്ടിയത് വാങ്ങി മിണ്ടാതെയിരുന്നപ്പോള്‍ പന്തയം വച്ചത് അതു പോലെ ചെയ്തു കാണിച്ചിരിക്കുയാണ് പ്രമുഖ യുക്തിവാദിയും എഴുത്തുകാരനുമായ ജിതിൻ മോഹൻദാസ്.

പറഞ്ഞു വരുമ്പോള്‍ കൊടി കുത്തിയ കോണ്‍ഗ്രസുകാരെക്കാള്‍ വലിയ പണിയാണ് ജിതിന് ലഭിച്ചത്. ജിതിന്‍ ഫെയ്സ്ബുക്ക് സുഹൃത്തായ വിനീഷ മാത്യുവിനോടാണ് പന്തയം വച്ചത്. ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ ജയിച്ചാല്‍ വിനീഷ പറയുന്ന ചിത്രങ്ങള്‍ കവറായും പ്രൊഫെെല്‍ പിക്ക് ആയും ഇടാമെന്നായിരുന്നു പന്തയം. എന്തു ചെയ്യാം, വരാനുള്ളത് വഴിയില്‍ തങ്ങില്ലെന്ന് പറയുന്നതു പോലെ സജി ചെറിയാന്‍ നിലം തൊടീക്കാതെയല്ലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ പറത്തിയത്.

പന്തയത്തെ കുറിച്ച് അറിഞ്ഞ ചിലര്‍ ചെങ്ങന്നൂര്‍ ഫലം വന്ന ശേഷം ജിതിന്‍റെ വീടിനു സമീപം പടക്കം പൊട്ടിച്ചാണ് ആഘോഷം നടത്തിയത്. പന്തയം ജയിച്ചതോടെ വിനീഷ തന്നെ ജിതിന്‍ ഇടേണ്ട ചിത്രങ്ങളും അയച്ചു കൊടുത്തു. പ്രൊഫെെല്‍ പിക്ക് ആയി എകെജിയും സുശീലയും നില്‍കുന്ന ചിത്രമാണ് നല്‍കിയത്. കവറായി നല്‍കിയ ചിത്രമാണ് എടുത്തു പറയേണ്ടത്. പിണറായിയുടെ ചിരിക്കുന്ന മൂന്ന് വ്യത്യസ്ത ഭാവങ്ങള്‍..! ചെങ്ങന്നൂരില്‍ വോട്ടറായ ജിതിന്‍ ഇനി പിണറായിയുടെ ചിരി ചിത്രവുമായി 30 ദിവസം നടക്കും.

പന്തയത്തില്‍ തോറ്റതില്‍ വലിയ സങ്കടമൊന്നും ഇല്ലെങ്കിലും സജി ചെറിയാന്‍ വിജയം നേടിയതില്‍ ചെറുതല്ലാത്ത സങ്കടം ജിതിനുണ്ട്. ഇടതുപക്ഷം നടത്തിയ വ്യാജ പ്രചാരണങ്ങളാണ് യുഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയതെന്നാണ് ജിതിന്‍ പറയുന്നത്. സംഘപരിവാര്‍ ബന്ധമുള്ളയാളാക്കി ഡി. വിജയകുമാറിനെ കാണിച്ചതോടെ ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണമുണ്ടായി. ബിഡിജെഎസ് വോട്ടുകളില്‍ കുറവ് വന്നതോടെ ബിജെപിയുടെ വോട്ടുകള്‍ കുറഞ്ഞതായും ജിതിന്‍ പറഞ്ഞു. കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ച ജിതിന്‍ പ്രധാന യുക്തിവാദ ജേര്‍ണലായ 'എത്തീസ്റ്റ് റിപ്പബ്ലിക്കിലെ' ബ്ലോഗറും എഴുത്തുകാരനുമാണ്.