ചെന്നൈ: ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തതിന്‍റെ പേരില്‍ മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ത്ഥിയായ സൂരജിന് മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന വിഷയം ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിച്ചേക്കും. ഇന്നലെ വിഷയം കോടതിയില്‍ പരാമര്‍ശിച്ചപ്പോള്‍ പൊതു താത്പര്യ ഹര്‍ജി നല്‍കിയാല്‍ ഇടപെടാമെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അദ്ധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഹര്‍ജി സമര്‍പ്പിയ്‌ക്കാന്‍ ജി.എസ്.ആര്‍ റാവു എന്ന അഭിഭാഷകന് കോടതി അനുമതി നല്‍കുകയും ചെയ്തു. 

ബീഫ് കഴിച്ച് പ്രതിഷേധിച്ചതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വരുന്നത് ഗുരുതരമായ പ്രശ്നമാണെന്ന് ഇന്നലെ കോടതി നിരീക്ഷിച്ചിരുന്നു. അതേസമയം, ഇന്നലെ ഐ.ഐ.ടി ഡയറക്ടറുമായി വിദ്യാര്‍ഥികള്‍ നടത്തിയ ചര്‍ച്ചയില്‍ സൂരജിന്റെ ചികിത്സാച്ചെലവുകള്‍ ഐ.ഐ.ടി ഏറ്റെടുക്കാമെന്ന് ഉറപ്പ് ലഭിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിക്കുമെന്നും, സ്വതന്ത്രമായ അന്വേഷണം നടത്തുമെന്നും ഡയറക്ടര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കമുള്ളവ പരിശോധിക്കുമെന്നും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളെടുക്കുമെന്നും ഡയറക്ടര്‍ ഉറപ്പ് നല്‍കിയതായും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. പരിക്കുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിയ്‌ക്കപ്പെട്ട സൂരജ് ഐ.സി.യുവില്‍ തുടരുകയാണ്. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ, സൂരജിന്റെ കണ്ണിന് ശസ്‌ത്രക്രിയ നടത്താനാകൂ എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.