നടൻ നെപ്പോളിയന്റെ മകൻ ധനുഷ് മസ്കുലർ ഡിസ്ട്രോഫി ബാധിതനാണ്. 13 വയസ്സിൽ മരിക്കുമെന്ന് ഡോക്ടർമാർ പ്രവചിച്ചെങ്കിലും, ഇപ്പോൾ 27 വയസ്സുള്ള ധനുഷ് അക്ഷയയെ വിവാഹം ചെയ്തു.
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് നെപ്പോളിയൻ. ദേവാസുരം അടക്കമുള്ള സിനിമകളിൽ വില്ലനായി എത്തിയ താരം തമിഴിലെ പഴയകാല സിനിമകളിലെ നായകനാണ്. അമേരിക്കയിൽ സ്ഥിര താമസമാക്കിയിരിക്കുന്ന നെപ്പോളിയന്റെ വീട്ടിലെ വിശേഷങ്ങൾ അറിയാൻ ആളുകൾക്ക് ഏറെ ഇഷ്ടമാണ്. ഇദ്ദേഹത്തിന്റെ ഇളയ മകൻ ധനുഷിന് മസ്കുലർ ഡിസ്ട്രോഫി എന്ന രോഗാവസ്ഥയാണ്. ജനിച്ചത് മുതൽ വീൽ ചെയറിലാണ് ധനുഷിന്റെ ജീവിതം.
ഏതാനും വർഷം മുൻപ് ധനുഷിന്റെ വിവാഹവും കഴിഞ്ഞിരുന്നു. അക്ഷയ എന്നാണ് ഭാര്യയുടെ പേര്. ഇതിന്റെ പേരിൽ നെപ്പോളിയനും കുടുംബത്തിനുമെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. പണം കണ്ടിട്ടാണ് അക്ഷയ, ധനുഷിനെ വിവാഹം കഴിച്ചതെന്ന് പറഞ്ഞവരും ധാരാളമാണ്. എന്നാൽ ഇവയെല്ലാം വാസ്തവമല്ലെന്ന് ഇവരുടെ വീഡിയോകളിൽ നിന്നും വ്യക്തമാണ്. ഇപ്പോഴിതാ തന്റെ മകന്റെ വിവാഹത്തെ കുറിച്ച് നെപ്പോളിയൻ തന്നോട് പറഞ്ഞ കാര്യങ്ങൾ പങ്കുവയ്ക്കുകയാണ് നടൻ ശരത്കുമാർ. 32 വർഷത്തെ സൗഹൃദമാണ് ഇരുവരും തമ്മിലുള്ളത്.
'ധനുഷുമായി ബന്ധപ്പെട്ട് നെപ്പോളിയന്‍ എത്രമാത്രം വേദനിച്ചിട്ടുണ്ടെന്ന് എനിക്ക് നല്ലപോലെ അറിയാം. സ്വന്തം മകന്‍ 12, 13 വയസില്‍ മരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നത് എന്ത് മാത്രം വേദനയാണ് സമ്മാനിക്കുന്നത്. വളരെ വലിയൊരു വേദനയാണത്. അവന് വേണ്ടിയാണ് നെപ്പോളിയന്‍ യുഎസിലേക്ക് പോയത്. ഇപ്പോഴവിടെ പയ്യനേയും നോക്കി മികച്ചൊരു ബിസിനസ് മാനുമാണ് നെപ്പോളിയന്‍', എന്ന് ശരത്കുമാർ പറയുന്നു.
'13 വയസിൽ ജീവൻ നഷ്ടമാകുമെന്ന് പറഞ്ഞ ധനുഷിന് ദെെവം ആയുസ് നൽകി. അവനിപ്പോൾ 27 വയസായി. അവൻ വിവാഹിതനാകാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ ആയിരം പേർ പല അഭിപ്രായങ്ങളുമായി രംഗത്ത് എത്തി. അത് അവരുടെ ഇടയിലുള്ള കാര്യമാണ്. ആ കുട്ടി ചെയ്തത് മഹത്തായൊരു ത്യാഗമാണ്. അക്ഷയയോട് പറഞ്ഞ കാര്യങ്ങളെല്ലാം നെപ്പോളിയൻ എന്നോട് പറഞ്ഞിട്ടുണ്ട്. ധനുഷിന് എന്തെല്ലാം പറ്റും എന്തെല്ലാം പറ്റില്ല എന്നതെല്ലാം തുറന്നു പറഞ്ഞിരുന്നു. ഞാനുണ്ടാകുമെന്നാണ് അവൾ നെപ്പോളിയനോട് മറുപടി പറഞ്ഞത്', എന്നും ശരത്കുമാർ പറയുന്നു.



