ചെന്നൈ : വിദ്യാര്‍ത്ഥികളുടെ യാത്രയെ സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതിനിടെ യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെ വിദ്യാര്‍ത്ഥികള്‍ ബസ്സില്‍ യാത്ര ചെയ്യുന്ന വീഡിയോ വൈറല്‍. ചെന്നൈയിലാണ് കുത്തി നിറച്ച് ഓടുന്ന ബസ്സില്‍ വിദ്യാര്‍ത്ഥികള്‍ അതീവ അപകടകരമാം വിധം തൂങ്ങി നിന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 

ബസ്സിന്റെ ഡോറ് അടച്ചിട്ടില്ല. കുട്ടികളാകട്ടെ ടയറിനും ഡോറിനുമിടയില്‍ തൂങ്ങി നില്‍ക്കുകയാണ്. ചിലര്‍ ബസ് ജനാലകളില്‍ ചവിട്ടി മുകളിലാണ്. തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ്സിലാണ് കണ്ടാല്‍ ഭയക്കുന്ന ഏത് നിമിഷവും ജീവന്‍ പൊലിഞ്ഞേക്കാവുന്ന തരത്തിലുള്ള വിദ്യാര്‍ത്ഥികളുടെ യാത്ര. ഒന്ന് കാലു തെറ്റിയാലോ, അശ്രദ്ധമായി ഒരു വാഹനം കയറി വന്നാലോ, ഡ്രൈവര്‍ പെട്ടന്ന് ബ്രേക്ക് ചെയ്താലോ ഈ കുട്ടികള്‍ താഴെ വീഴും എന്ന കാര്യത്തില്‍ സംശയമില്ല. 

ബസ്സിന് പുറകിലുള്ള വാഹനത്തിലെ യാത്രക്കാരനാണ് ഈ രംഗം പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. കുട്ടികളുടെ ജീവന്‍ കയ്യില്‍ വച്ചാണ് ഇത്തരം വാഹനങ്ങള്‍ ചീറിപ്പായുന്നതെന്ന് വീഡിയോയില്‍ വ്യക്തം. ചെന്നൈയ്ക്ക് അടുത്തുള്ള ടി നഗറില്‍നിന്ന് കൊലത്തുര്‍ പോകുന്ന വണ്ടിയാണിത്. വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, മിക്കവരും ഇത്തരത്തില്‍ അപകടകരമാം വിധമാണ് ഇവിടെ യാത്രചെയ്യുന്നതെന്നാണ് യത്രക്കാര്‍ പറയുന്നത്. 

സ്‌കൂള്‍, ഓഫീസ് സമയങ്ങളായ പകല്‍ 8 മുതല്‍ 10 വരെയാണ് ഈ രംഗങ്ങള്‍ അരങ്ങേറുന്നത്. തമിഴ്‌നാട്ടിലെ മിക്ക സ്‌കൂളുകളിലും സ്‌കൂള്‍ ബസ്സുകള്‍ ഇല്ല. വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ ബസ്സുകളെയാണ് ആശ്രയിക്കുന്നത്. അതീവ തിരക്കുള്ള നഗരത്തില്‍ ഇത്തരത്തിലുള്ള യാത്ര കണ്ടെത്തുന്നത് ശ്രമകരമാണെന്നാണ് പൊലീസ് പറയുന്നത്. 

വിദ്യാര്‍ത്ഥികള്‍ക്ക് എന്തുകൊണ്ട് പ്രത്യേക യാത്രാ സൗകര്യം ഒരുക്കുന്നില്ല എന്ന ചോദ്യവുമായി മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയില്‍ ഇതുവരെയും സര്‍ക്കാര്‍ തീരുമാനമറിയിച്ചിട്ടില്ല. തിരക്കേറിയ റൂട്ടുകളില്‍ കൂടുതല്‍ ബസ്സുകള്‍ അനുവദിക്കണമെന്നാണ് യാത്രക്കാരും വിദ്യാര്‍ത്ഥികളും ഒരുപോലെ ആവശ്യപ്പെടുന്നത്. 

തമിഴ്‌നാട് മാത്രമല്ല, കേരളത്തിലും വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്‌നം ചര്‍ച്ചയാണ് ഇപ്പോള്‍. വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കാത്തതിന്റെ പേരിലുണ്ടായ വാക്ക് തര്‍ക്കം ബസ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നതില്‍ വരെ എത്തിയിരുന്നു.

courtesy : Indiatoday