ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ടെക്കിക്ക് വധശിക്ഷ
ചെന്നൈ: അയല്‍വാസിയായ ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ടെക്കിയായ യുവാവിന് വധശിക്ഷ. മദ്രാസ് ഹൈക്കോടതിയാണ് ദശ്വന്ത് എന്ന് യുവാവിന്‍റെ വധശിക്ഷ ശരിവച്ചത്. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ഇയാളെ കോടതി റിമാന്‍റ് ചെയ്തിരുന്നു. ഇതിനിടെ ജാമ്യത്തിലിറങ്ങിയ ഇയാള്‍ അമ്മയെ കൊലപ്പെടുത്തിയെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. അയല്‍വാസിയായ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ക്കെതിരായ കേസ്.
പട്ടിക്കുട്ടിയോടൊപ്പം കളിക്കാമെന്ന് പറഞ്ഞ് ദശ്വന്ത് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് പെണ്‍കുട്ടിയെ ബലമായി പീഡനത്തിനിരയാക്കി കൊലപ്പെടുത്തി. മൃതദേഹം ബാഗിലാക്കി ദേശീയ പാതയോരത്ത് കൊണ്ടുപോയി കത്തിക്കുകയും ചെയ്തു. കീഴ്ക്കോടതി നേരത്തെ ദശ്വന്തിന് വധശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേസില്‍ ദൃക്സാക്ഷികളൊന്നും ഉണ്ടായിരുന്നില്ല. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇതിനിടെയാണ് ജാമ്യത്തിലിറങ്ങിയ ഇയാള്‍ സ്വന്തം അമ്മയെ കൊലപ്പെടുത്തിയതായി ആരോപണമുണ്ടായത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ തട്ടിയെടുത്ത് മുംബൈയിലേക്ക് കടന്നു. മുംബൈയില്‍ എത്തി ചെന്നൈ പൊലീസ് ഇയാളെ പിടികൂടിയപ്പോള്‍ ദശ്വന്ത് ചാടിപ്പോയി. അടുത്ത ദിവസം വീണ്ടുംപിടിയിലാവുകയായിരുന്നു.
