സര്‍ക്കാര്‍ അറിയാതെയാണോ എജി സത്യവാങ്മൂലം നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് സത്യവാങ്മൂലം നല്‍കിയതെന്ന് വ്യക്തമാക്കണം. 

തിരുവനന്തപുരം: വനിതാമതിലില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം. സര്‍ക്കാര്‍ അറിയാതെയാണോ എജി സത്യവാങ്മൂലം നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് സത്യവാങ്മൂലം നല്‍കിയതെന്ന് വ്യക്തമാക്കണം. 50 കോടി വക മാറ്റി ചെലവാക്കാനുളള പദ്ധതി കയ്യോടെ പിടിച്ചപ്പോഴാണ് പിന്മാറ്റമെന്നും ചെന്നിത്തല പറഞ്ഞു. 

ഖജനാവിലെ പണം ചെലവാക്കില്ലെന്ന് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് ജനരോഷം ഭയന്നിട്ടെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു. 

വനിതാമതിലിന് ഖജനാവില്‍ നിന്ന് പണം ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രിയും വ്യക്തമാക്കിയിരുന്നു‍. നീക്കി വെച്ച 50 കോടി സര്‍ക്കാര്‍ പദ്ധതികള്‍ക്കെന്നും അതില്‍ നിന്നും ഒരു രൂപ പോലും എടുക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

വനിതാമതിലിന് സർക്കാർ പണം ചെലവിടില്ലെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ബജറ്റ് തുക ചെലവാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ സത്യവാങ്മൂലം തെറ്റിദ്ധരിക്കപ്പെട്ടു. വനിത സംഘടനകൾ സ്വന്തം നിലയിൽ പണം സമാഹരിക്കുമെന്നും അതിന് അവർ പ്രാപ്തരാണെന്നും തോമസ് ഐസക് പ്രതികരിച്ചു.