തിരുവനന്തപുരം: മൂന്നാറില്‍ കുരിശു പൊളിച്ച ശേഷം മുഖ്യമന്ത്രി നടത്തുന്ന ധാര്‍മിക രോഷം തികച്ചും കാപട്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കുരിശു പൊളിച്ചത് വന്‍കിട കയ്യേറ്റങ്ങള്‍ സംരക്ഷിക്കാന്‍ എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സി പി എമ്മിന്റെ ഉള്‍പ്പെടെയുള്ള കയ്യേറ്റം പൊളിക്കാതെയാണ് കുരിശു പൊളിക്കല്‍ നാടകം. 144 പ്രഖ്യാപിച്ചത് അറിഞ്ഞില്ലന്ന് ആഭ്യന്തരത്തിന്റെ ചുമതലയുള്ള മുഖ്യമന്ത്രി കള്ളം പറയുന്നു. കുരിശു വിശ്വാസത്തിന്റെ പ്രതീകമാണ്. അതുവഴി ഉണ്ടാകുന്ന ജനരോഷത്തിന്റെ മറവില്‍ വന്‍കിട കയ്യേറ്റക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ അറിയാതെയാണ് ഇതു നടന്നതെന്ന് പറഞ്ഞ് മുഖ്യമന്ത്രി മുതലക്കണ്ണീര്‍ പൊഴിക്കുന്നത് പരിഹാസ്യമാണന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.