തിരുവനന്തപുരം: ബാങ്കുകളുടെ മിനിമം ബാലന്‍സ് കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്. മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരി പൊതുമേഖലാ ബാങ്കുകള്‍ നടത്തുന്ന കൊള്ള അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്.
2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ 2330 കോടി രൂപയാണ് പൊതു മേഖലാ ബാങ്കുകള്‍ മിനിമം ബാലന്‍സ് ഇല്ലെന്ന കാരണത്താല്‍ പൊതുജനങ്ങളില്‍ നിന്ന് പിഴയായി ഈടാക്കിയത്. എസ്.ബി.ഐ മാത്രം 1771 കോടി രൂപ അക്കൗണ്ട് ഉടമകളില്‍ നിന്ന് പിഴിഞ്ഞെടുത്തു എന്നത് ഞെട്ടിക്കുന്നതാണ്. ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലഘട്ടത്തിലെ എസ്.ബി.ഐയുടെ ലാഭമായ 1581 കോടിയെക്കാള്‍ കൂടുതലാണിതെന്ന് ഓര്‍ക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
