അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ അപലപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്‍റെ മനസാക്ഷിയുടെ കൈകളാണ് ഇവിടെ കെട്ടിയിട്ടത്. മധുവിനെ തല്ലിച്ചതച്ചതിനും കൊലയ്ക്ക് കൊടുത്തതിനും ഒപ്പം കേരളം അഴിച്ചു വയ്ക്കുന്നത് നമ്പർ വൺ എന്ന പട്ടത്തെ കൂടിയാണ് എന്ന് ചെന്നിത്തല തന്‍റെ ഫേസ്ബുക്കിലൂടെ കുറിച്ചു. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണം. ആദിവാസികളുടെ ദുരിതജീവിതം അവസാനിപ്പിക്കാൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കണം എന്നും ചെന്നിത്തല. 

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

കേരളത്തിന്‍റെ മനസാക്ഷിയുടെ കൈകളാണ് ഇവിടെ കെട്ടിയിട്ടത്. മധുവിനെ തല്ലിച്ചതച്ചതിനും കൊലയ്ക്ക് കൊടുത്തതിനും ഒപ്പം കേരളം അഴിച്ചു വയ്ക്കുന്നത് നമ്പർ വൺ എന്ന പട്ടത്തെ കൂടിയാണ്.

ഗുജറാത്തിൽ പശുവിനെ കൊന്നെന്നാരോപിച്ച് ദളിതരെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ പോലെ വേദനിപ്പിക്കുകയും പ്രതിഷേധമുണർത്തുകയും ചെയ്യുന്നതാണ് മധു എന്ന ആദിവാസി അനുഭവിച്ച പീഢനം. ഇവിടെ ഒരു സർക്കാരോ പോലീസ് സംവിധാനമോ ഉണ്ടെന്ന് പോലും തോന്നിപ്പിക്കാത്ത, കേരളത്തിൽ ആണെന്ന് പോലും വിശ്വസിക്കാനാവാത്ത ക്രൂരതയാണ് ആ പാവത്തിന് നേരെ നടത്തിയത്. മധുവിനെ പോലുള്ള ആദിവാസികൾ ആൾക്കൂട്ട നീതിക്ക് വിധേയരായി ഒടുങ്ങുന്നത് അപമാനമാണ്.പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണം. ആദിവാസികളുടെ ദുരിതജീവിതം അവസാനിപ്പിക്കാൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കണം. സർക്കാരിന്റെ ഈ നിസംഗതയ്ക്ക് മാപ്പില്ല.