കല്ലും മുളളും ഏല്‍ക്കാന്‍ തയ്യാറായാണ് പ്രതിപക്ഷനേതൃസ്ഥാനത്തിരിക്കുന്നതെന്നും ചെന്നിത്തല

തിരുവനന്തപുരം: ബില്ലിന് പിന്തുണ നല്‍കാനുളള പ്രതിപക്ഷ നീക്കത്തിന് പിന്നില്‍ താനെന്ന പ്രചാരണം തെറ്റെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കല്ലും മുളളും ഏല്‍ക്കാന്‍ തയ്യാറായാണ് പ്രതിപക്ഷനേതൃസ്ഥാനത്തിരിക്കുന്നതെന്നും ചെന്നിത്തല.

അതേസമയം, കണ്ണൂര്‍, കരുണ ബില്ല് ഗവര്‍ണര്‍ തളളിയത് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. ബില്ല് വീണ്ടും അയക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്. ഓഫീസില്‍ കിട്ടിയ അപേക്ഷ സര്‍ക്കാരിന് കൈമാറുക മാത്രമാണ് താന്‍ ചെയ്തതെന്നും കുമ്മനം പറഞ്ഞു.

ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വെക്കാത്ത സാഹചര്യത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രതികരിച്ചു. ഗവര്‍ണറുടെ നടപടി തിരിച്ചടിയാണെന്ന് കരുതുന്നില്ല എന്നും കെ.കെ ശൈലജ പറഞ്ഞു. ഗവര്‍ണറുടെ നടപടിയില്‍ സര്‍ക്കാരിന് വിയോജിപ്പില്ലെന്ന് നിയമ മന്ത്രി എ.കെ.ബാലനും പ്രതികരിച്ചു. ഗവര്‍ണറുടെ നടപടി നിയമപരവും ഭരണഘടനാപരവുമാണ്. തുടര്‍നടപടി പ്രതിപക്ഷവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി ബാലന്‍ പറഞ്ഞു. 

സഭ പാസാക്കിയ ബില്ലാണ് ഗവര്‍ണര്‍ പി സദാശിവം ഒപ്പുവെക്കാത്തത്. ഭരണഘടനയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി. ബില്‍ സുപ്രീം കോടതി വിധിയുടെ ലംഘനമെന്ന് വിലയിരുത്തല്‍. ഗവര്‍ണര്‍ ഒപ്പിടാത്ത പക്ഷം നാളെ ബില്‍ അസാധുവാകും.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയ 180 വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് സര്‍ക്കാര്‍ ബില്‍ പാസാക്കാന്‍ ശ്രമിച്ചത്. സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീംകോടതി വിമര്‍ശം ഉന്നയിച്ചിരുന്നു.
ബില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ ഒപ്പുവയ്ക്കാതിരുന്നത് സര്‍ക്കാരിന് തിരിച്ചടിയായി.